play-sharp-fill
പിടിമുറുക്കി ഇന്ത്യ; പിടികൊടുക്കാതെ ഓസീസ്: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരടിച്ച് പെർത്ത് ടെസ്റ്റ്

പിടിമുറുക്കി ഇന്ത്യ; പിടികൊടുക്കാതെ ഓസീസ്: രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇഞ്ചോടിഞ്ച് പോരടിച്ച് പെർത്ത് ടെസ്റ്റ്

സ്‌പോട്‌സ് ഡെസ്‌ക്

പെർത്ത്: തല ഉയർത്തി പ്രതിരോധിച്ച് നിന്ന് ഓസീസ്. തലയരിഞ്ഞ് എറിഞ്ഞ് നടുവൊടിച്ച് ഇന്ത്യ പന്തേറുകാർ. തരിമ്പും വിട്ടു കൊടുക്കാതെ വാലുയർത്തി വെല്ലുവിളിച്ച് ഓസീസ്. പെർത്തിലെ പച്ചപ്പുള്ള പിച്ചിൽ എന്തും സംഭവിക്കാവുന്ന കളിക്കാലം. ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ നിൽക്കുന്ന രണ്ടാം ടെസ്റ്റിലെ ട്വസ്റ്റ് എവിടെയാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ ദിനം കളി നിർത്തുമ്പോൾ 90 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റണ്ണെടുത്തിട്ടുണ്ട്് ഓസീസ്.
പെർത്തിലെ പേസ് ബൗളിഗ് പിച്ചിൽ 35.2 ഓവറിൽ അരോൺ ഫിഞ്ചിനെ (105 പന്തിൽ 50) ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി പറഞ്ഞു വിടും വരെ ഓസിസ് തന്നെയായിരുന്നു രണ്ടാം ടെസ്റ്റിന്റെ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യ ഒന്ന് പിൻവലിഞ്ഞു കളിച്ചു. ആദ്യ ടെസ്റ്റിലെ മൂർച്ച നഷ്ടമായ ഇന്ത്യൻ ബൗളർമാർ പേസ് പിച്ചിൽ എറിഞ്ഞെറിഞ്ഞ് മൂർച്ച വർധിപ്പിക്കുകയായിരുന്നു. അശ്വിനില്ലാതെ നാല് പേസർമാരുമായാണ് ഇന്ത്യ ബൗളിംഗ് തുടങ്ങിയത്. ഇഷാന്തും ബുംറയും ചേർന്ന് ബൗളിംഗ് വൈവിധ്യം നിറഞ്ഞ ഓവറിനു തുടക്കമിട്ടു.
സീമും പേസും കിട്ടിയെങ്കിലും ഓസീസ് ബാറ്റ്‌സ്മാരുടെ ജാഗ്രത പൊളിക്കാൻ പേസർമാർക്ക് ആർക്കും സാധിച്ചില്ല. 35.2 ഓവറിൽ 112 ൽ സ്‌കോർ നിൽക്കേ ആരോൺ ഫിഞ്ചിനെ വീഴ്ത്തി ബുമ്ര ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 18 റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഉസ്മാൻ ഖവാജയെ (38 പന്തിൽ അഞ്ച് ) വിക്കറ്റ് കീപ്പർ പന്തിന്റെ കയ്യിലെത്തിച്ച് ഉമേഷ് യാദവ് ഇന്ത്യൻ പേസ് പടയുടെ മൂർച്ച കൂട്ടി. നാല് റൺ കൂടി മാത്രം സ്‌കോർ ബോർഡിൽ എത്തിയപ്പോഴായിരുന്നു അടുത്ത വിക്കറ്റ്. 141 പന്തിൽ ക്ഷമയോടെ പിടിച്ചു നിന്നാണ് എം.എസ് ഹാരിസ് 70 റണ്ണുമായി അജിക്യേ രഹാനയ്ക്കു പിടികൊടുത്തു മടങ്ങിയത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹനുമന്ത് വിഹാരിയ്ക്കായിരുന്നു വിക്കറ്റ്. 14 റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോൾ പിഎസ്പി ഹാൻഡ്‌കോംബിനെ (16 പന്തിൽ ഏഴ് ) ഇഷാന്ത് ശർമ്മ വിരാട് കോഹ്ലിയുടെ കയ്യിലെത്തിച്ചു ഇന്ത്യ പിടിമുറുക്കി. പിന്നീട് ഷോൺമാർഷും ടി.എം ഹെഡും ചേർന്നുള്ള ചെറുത്തു നിൽപ്പാണ് ഓസീസ് പേസ് പിച്ചിൽ കണ്ടെത്തിയത്. 84 റണ്ണിന്റെ അഞ്ചാം വിക്കറ്റ് കൂട്ട് കെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി. ഓസീസ് മികച്ച സ്‌കോറിലേയ്ക്കു നീങ്ങുന്ന എന്ന സൂചന ലഭിക്കവേ ഇന്ത്യയ്്ക്ക് ബ്രേക്ക് ത്രൂ നൽകി വിഹാരിയുടെ വിഹാരം. 98 പന്തിൽ 45 റണ്ണെടുത്ത് ഓസീസിനെ രക്ഷാപ്രവർത്തനം ഏറ്റെടുത്ത ഷോൺ മാർഷിനെ രഹാനെയുടെ കൈകളിൽ എത്തിച്ചാണ് വിഹാരി ആദ്യ ടെസ്റ്റിലെ തന്റെ രണ്ടാം വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ 232 റണ്ണിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി ഓസീസ്. 19 റൺ കൂടി എത്തിയപ്പോഴേയ്ക്കും മാർഷിന്റെ കൂട്ടുകാരൻ ഹെഡും മടങ്ങി. 80 പന്തിൽ 58 റൺ മാത്രമായിരുന്നു അപ്പോൾ ഹെഡിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇഷാന്ത് ശർമ്മയ്ക്കായിരുന്നു വിക്കറ്റ്. ക്യാച്ചെടുത്തത് മറ്റൊരു പേസർ മുഹമ്മദ് ഷമിയും. പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പെയിനും പി.ജെ കുമ്മിൻസും ചേർന്ന് ആദ്യ ദിനത്തിലെ കൂടുതൽ അപകടം ഒഴിവാക്കിയിട്ടുണ്ട്. പെയിൻ 34 പന്തിൽ 16 ഉം, കുമ്മിൻസ് 29 പന്തിൽ 11 റണ്ണുമെടുത്ത് നിൽക്കുകയാണ്.
ഓരോ മണിക്കൂർ കഴിയുന്തോറും ബൗളർമാർക്ക് അനുകൂലമാകുന്ന പിച്ചിൽ ഇന്ത്യൻ പേസ് സ്പിൻ നിരയ്‌ക്കെതിരെ എത്രത്തോളം ഓസീസിന് പിടിച്ചു നിൽക്കാനാകുമെന്നതിനെ അനുസരിച്ചിരിക്കും ടെസ്റ്റിന്റെ മുന്നോട്ടുള്ള ഗതി. പിച്ചിൽ നിന്നും മൂർച്ച കണ്ടെത്തി ആക്രമിക്കുന്ന ഇന്ത്യൻ പേസർമാരിൽ നിന്നും ക്യാപ്റ്റൻ കോഹ്ലിയും അത്ഭുതം പ്രതീക്ഷിക്കുന്നു. ആദ്യ ദിനം ഇഷാന്ത് 16 ഓവറിൽ 35 റണ്ണിന് രണ്ടും, ബുംറ 22 ഓവറിൽ 41 റണ്ണിന് ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന വിഹാരി 14 ഓവറിൽ 53 റണ്ണിനാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 18 ഓവർ എറിഞ്ഞ് ഉമേഷ് യാദവിന് 68 റണ്ണിനിടെ ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. 19 ഓവർ എറിഞ്ഞ് 63 റൺ വഴങ്ങിയെങ്കിലും മുഹമ്മദ് ഷമിയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല.