വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ എം.വി.ഐയെ ഇടിച്ചിട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വാഹന പരിശോധനയ്ക്കായി കൈകാട്ടിയ എം.വി.ഐയെ ഓട്ടോറിക്ഷ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ എം.വി.ഐയ്ക്ക് പരിക്കേറ്റു. അമിത വേഗത്തിൽ പരിശോധന വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ പിക്കപ്പ് വാനിലും ഇടിച്ചു. അപകടത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി ജയചന്ദ്രനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പാമ്പാടി കാളച്ചന്തയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്നു ജയചന്ദ്രൻ. ഈ സമയം കെ.കെ റോഡിൽ പൊൻകുന്നം ഭാഗത്തു നിന്നു വരികയായിരുന്നു ഓട്ടോറിക്ഷ. ഇദ്ദേഹം കൈകാട്ടിയെങ്കിലും വാഹനം നിർത്താതെ പോകാൻ ഓട്ടോഡ്രൈവർ ശ്രമിച്ചു. ഇതിനിടെ എതിർദിശയിൽ നിന്നും വന്ന പിക്ക് അപ്പ് വാനിൽ ഓട്ടോറിക്ഷ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരുവശത്തേയ്ക്കു തെന്നി മാറിയ ഓട്ടോ എം.വി.ഐയുടെ കയ്യിൽ ഇടിച്ചു. കൈമുറിഞ്ഞ് രക്തം വാർന്നൊഴുകി. തുടർന്നു നാട്ടുകാർ ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശശ്രൂഷ നൽകി.
സംഭവത്തിൽ ജയചന്ദ്രൻ പാമ്പാടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷയ്ക്ക് മതിയായ രേഖകളില്ലായിരുന്നതായി എം.വി.ഐ പറഞ്ഞു.