കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയിലെ മോഷണം; പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തു കടന്നു; നേര്‍ച്ചപ്പെട്ടികള്‍ കടത്തി; പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായി സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം. പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി. മേലുകാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് കഷ്ടിച്ച്‌ നൂറു മീറ്റര്‍ മാത്രം അകലെയുളള പളളിയിലാണ് മോഷണം നടന്നത്.

കരിങ്കല്ലുകള്‍ കൊണ്ട് പളളിവാതിലിന്‍റെ താഴ്വശം തകര്‍ത്താണ് കളളന്‍ അകത്ത് കടന്നത്. രണ്ട് നേര്‍ച്ചപ്പെട്ടികള്‍ കളളന്‍ കൊണ്ടുപോയി. പളളിക്കടുത്ത് നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപം കുത്തിത്തുറന്ന നിലയില്‍ നേര്‍ച്ചപ്പെട്ടികള്‍ പിന്നീട് കിട്ടി. ഇതിലുണ്ടായിരുന്ന പണമത്രയും നഷ്ടപ്പെട്ടു. പതിനായിരത്തില്‍ അധികം രൂപ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസ് അനുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ അഞ്ചരയ്ക്ക് കുര്‍ബാനയ്ക്കായി പളളി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വിരലടയാള വിദഗ്‍ധരും ശ്വാനസേനയും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. നായ മണം പിടിച്ച്‌ ഓടിയത് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ്.

രണ്ട് പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത് എന്ന അനുമാനത്തിലാണ് പൊലീസ്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പാലാ എഎസ്‍പി നിഥിന്‍രാജ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവര ശേഖരണം നടത്തി.