play-sharp-fill
ഒടിയന് മുന്നിൽ ഹർത്താൽ കീഴടങ്ങി: ബിജെപി ശക്തിയെ പൊരുതി തോൽപ്പിച്ച് ലാലേട്ടൻ ഫാൻസ്: ആവേശത്തിരമാല തീർത്ത് മാണിക്യൻ തീയറ്ററുകളിലെത്തി; ഷോ തുടങ്ങിയത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ

ഒടിയന് മുന്നിൽ ഹർത്താൽ കീഴടങ്ങി: ബിജെപി ശക്തിയെ പൊരുതി തോൽപ്പിച്ച് ലാലേട്ടൻ ഫാൻസ്: ആവേശത്തിരമാല തീർത്ത് മാണിക്യൻ തീയറ്ററുകളിലെത്തി; ഷോ തുടങ്ങിയത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ

സിനിമാ ഡെസ്ക്

കോട്ടയം : കളി മാണിക്യനോട് വേണ്ടെന്ന സിനിമയിലെ വെല്ലുവിളി തെരുവിൽ യാഥാർത്ഥ്യമാക്കി മോഹൻലാൽ ഫാൻസ് അസോസിയേഷൻ.റിലീസ് ദിനത്തിൽ ഹർത്താൽ പ്രഖ്യാപിച്ച ബി ജെ പി സംഘപരിവാർ പ്രവർത്തകരെ ഞെട്ടിച്ച് സംസ്ഥാനത്തെ എല്ലാ തീയറ്ററിലും പുലർച്ചെ തന്നെ ഒടിയനെ വരവേൽക്കാൻ ലാലേട്ടന്റെ ചങ്ക് ആരാധകർ അണി നിരന്നു. ആർപ്പും ആരവവും വെടിക്കെട്ടും ആനയും അമ്പാരിയുമായി തകർപ്പൻ വരവേൽപ്പാണ് ലാൽ ആരാധകർ ഒടിയന് ഒരുക്കിയത്. പുലർച്ചെ നാലരയ്ക് ആരാധകർക്കായി സ്പെഷ്യൽ ഫാൻസ് ഷോയാണ് ഒരുക്കിയിരുന്നത്.
ഒടിയന്റെ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ച ബിജെപി കേരള ഘടകത്തെ ഞെട്ടിച്ച് വമ്പൻ പൊങ്കാലയാണ് ഹർത്താൽ പ്രഖ്യാപിച്ച ബിജെപി ഫെയ്സ്ബുക്ക് പോസ്റ്റിനു നേരെ ഉണ്ടായത്. മോഹൻലാൽ ഫാൻസിന്റെ രാഷ്ട്രീയമില്ലാത്ത കടന്നാക്രമണത്തിന് മുന്നിൽ പതറിയ ബി ജെ പി നേതൃത്വം ഒടുവിൽ ചരിത്രത്തിൽ ആദ്യമായി തീയറ്ററുകളെയും ഒടിയൻ സിനിമയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.
വെള്ളിയാഴ്ച പുലർച്ചെ നാലര മുതലാണ് സംസ്ഥാനത്തെ നാനൂറോളം തീയറ്റർ സ്ക്രീനുകളിൽ ഒരേ സമയം ഒടിയൻ എത്തിയത്.
ആദ്യ ദിനം മാത്രം 12000 പ്രദർശനമാണ് ലോകത്തെമ്പാടുമുള്ള തീയറ്റർ സ്ക്രീനുകളിൽ നടക്കുന്നത്. ലോകത്തെമ്പാടുമുള്ള 3004 തീയറ്ററുകളിൽ സിനിമ റിലീസ് ചെയ്തു. ഇന്ത്യയ്ക്ക് പുറത്ത് 2292 തീയറ്ററുകളിലും , കേരളത്തിന് പുറത്ത് 300 തീയറ്ററുകളിലും , കേരളത്തിൽ 412 തീയറ്ററുകളിലും , കോട്ടയം ജില്ലയിൽ 24 തീയറ്ററുകളിലുമാണ് വെള്ളിയാഴ്‌ച ചിത്രം എത്തിയത്. സെൻട്രൽ പിക്ചേഴ്സിന്റ കോട്ടയം ആനന്ദ് , അഭിലാഷ് , ആഷ , ചങ്ങനാശേരി അഭിനയ , അനു , തലയോലപ്പറമ്പ് കാർണിവൽ സിനിമാസിന്റെ മൂന്ന് തീയറ്റർ , പാലാ യൂണിവേഴ്സൽ , ജോസ് , മുണ്ടക്കയം ആർ ഡി സിനിമാസിന്റെ മൂന്ന് തീയറ്റർ എന്നിവിടങ്ങളിലാണ് റിലീസ്. കോട്ടയത്തെ മൂന്ന് തീയറ്ററുകളിലായിരുന്നു ഫാൻസ് ഫോ അരങ്ങേറിയത്. ആനന്ദ് , അഭിലാഷ് .ആഷ തീയറ്ററുകളിൽ നൂറ് കണക്കിന് മോഹൻലാൽ ആരാധകരാണ് ഒടിയന്റെ വേലകൾ കാണാനായി എത്തിയത്. നാസിക് ഡോലിന്റെ അകമ്പടിയിൽ തുള്ളിത്തിമിർത്താണ് ഫാൻസ് സംഘം തീയറ്ററുകളിൽ എത്തിയത്. കോട്ടയത്തെ മൂന്ന് തീയറ്ററുകൾ സ്ഥിതി ചെയ്യുന്ന ടിബി റോഡിൽ ബിഗ് ബസാർ മുതൽ കല്യാൺ സിൽക്ക്സ് വരെ നൂറു കണക്കിന് ബൈക്കുകളാണ് പാർക്ക് ചെയ്തിരിക്കുന്നത്. തീയറ്ററിൽ നിന്നും പ്രേക്ഷകർ പുറത്തിറങ്ങുന്നതോടെ ചിത്രത്തിന്റെ ടെൻഡ് എങ്ങോട്ടാണെന്ന് വ്യക്തമാകും. എന്നാൽ , ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ ലക്ഷങ്ങൾ അണികളായുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ ഹർത്താലിനെ പൊരുതി പരാജയപ്പെടുത്തിയ ആവേശത്തിലാണ് ഒടിയന്റെ ആരാധകർ.