
സ്വന്തം ലേഖകൻ
ചെറുതോണി : വനം-വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ വരെ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസില്‍ കക്ഷിചേരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പറഞ്ഞു.
ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോടും, കേന്ദ്രം ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പിലായാല്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം പ്രവചനാതീതമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിന്‍റെ 29.65% വന പ്രദേശമാണ്. ബഫര്‍സോണ്‍ മേഖലയില്‍ ഉള്‍പ്പെടാവുന്ന 4 ലക്ഷം ഏക്കര്‍ പ്രദേശത്ത് നിര്‍മ്മാണത്തിന് വിലക്കുണ്ടായാല്‍ ജനജീവിതം അസാധ്യമാകും. കേരളത്തില്‍ 16 വന്യജീവി സങ്കേതങ്ങളും 5 ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവാ സങ്കേതവുമാണ് ഉള്ളത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി വനാതിര്‍ത്തിയില്‍ മാത്രം ഒതുങ്ങത്തക്കവിധം ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് (എം) സ്വീകരിച്ചിട്ടുള്ളത്.
കര്‍ഷകര്‍ക്കുണ്ടാകുന്ന ഈ ദുരിതങ്ങള്‍ സംബന്ധിച്ച് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെ നേരില്‍കണ്ട് നിവേദനം നല്‍കുമെന്നും ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും ഇടുക്കിയില്‍ നടന്ന കര്‍ഷക സംഗമത്തില്‍ ജോസ് കെ. മാണി എം.പി പറഞ്ഞു.
പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എം.എല്‍.എ മാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, തോമസ് ജോസഫ് എക്സ് എം.എല്‍.എ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ,്,പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍, ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ ആന്‍റണി, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് റെജി കുന്നംകോട്ട്, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ രാരിച്ചന്‍ നീര്‍ണാംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു