ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സൗകര്യമില്ല ;സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി നൽകി ക്രൈസ്തവ കുടുംബം;സംഭവം കോട്ടയം മാങ്ങാനത്ത്

Spread the love

 

സ്വന്തം ലേഖിക

കോട്ടയം:ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കാൻ സ്വന്തം വീട്ടിൽ സൗകര്യമില്ലാതെ വന്നപ്പോൾ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി നൽകി കോട്ടയത്തെ ഒരു ക്രൈസ്തവ കുടുംബം.അയൽവാസിയുടെ സങ്കടകരമായ അവസ്ഥ മനസ്സിലാക്കിയ ആലുങ്കൽ അലക്‌സാണ്ടർ മാത്യു എന്ന കൊച്ചുമോനാണ് സാഹോദര്യത്തിന്റെ മറുവാക്കായത്.

 

മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ അപ്പുക്കുട്ടന്റെ മകൻ ടി.എ. സിബി (42) ആണ് മെഡിക്കൽ കോളജിൽ വെച്ച് വ്യാഴാഴ്ച മരിച്ചത്. വെറും മൂന്ന് സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സിബിയുടെ വീട്ടിലേക്ക് കയറി ചെല്ലാൻ ആകെയുള്ളത് ഒരു ഇടുങ്ങിയ നടപ്പാത മാത്രം.മൃതദേഹം ഈ വീട്ടിലേക്ക് എത്തിക്കു അസാധ്യം. മാത്രമല്ല പൊതുദർശത്തിനും സൗകര്യമില്ല. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സംസ്‌കാരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം സിബിയുടെ വീട്ടുമുറ്റത്തില്ലെന്ന് മനസ്സിലാക്കിയ 17-ാം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോയാണ് സിബിയുടെ അയൽവാസി അലക്‌സാണ്ടർ മാത്യുവിനോട് അവരുടെ വീട്ടുമുറ്റത്ത് പൊതുദർശനം നടത്താൻ അനുവദിക്കുമോയെന്ന് ചോദിച്ചത്.

അയൽവാസിയുടെ അവസ്ഥ മനസ്സിലാക്കിയ കൊച്ചുമോൻ അതിന് സമ്മതിക്കുകയും വീട്ടുമുറ്റത്ത് ഒരു പന്തൽ ഒരുക്കി നൽകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചവരെ സിബിയുടെ മൃതദേഹം കൊച്ചുമോന്റെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പിന്നീട് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്‌കരിച്ചു.