play-sharp-fill
അനാവശ്യ ഹർത്താലിനെതിരെ ജനകീയ പ്രതിരോധം ഒരുങ്ങുന്നു; പ്രതികരിക്കുന്നവർക്കും, ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി

അനാവശ്യ ഹർത്താലിനെതിരെ ജനകീയ പ്രതിരോധം ഒരുങ്ങുന്നു; പ്രതികരിക്കുന്നവർക്കും, ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി

സ്വന്തം ലേഖകൻ


കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ബിജെപി നടത്തുന്ന അഞ്ചാമത്തെ ഹർത്താലിനെതിരെ പ്രതിഷേധിക്കുന്നവർക്കും പ്രതികരിക്കുന്നവർക്കും ഹർത്താലിന് ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി രംഗത്ത്. അപ്രതീക്ഷിതമായുണ്ടായ ഹർത്താൽ സംസ്ഥാനത്തെ സമസ്ത മേഖലകളെയും തകർക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രതിരോധ സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ഹർത്താലിന്റെ ഭാഗമായി ഏത് വിധത്തിലുള്ള ആക്രമണം ഉണ്ടായാലും ഇതിനെതിരെ പ്രതികരിക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ ഇവർ ഒരുക്കിയിരിക്കുന്നത്. 
ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് മാത്രം രണ്ടു മാസത്തിനിടെ ബിജെപി നടത്തുന്ന അഞ്ചാമത്തെ ഹർത്താലാണ് ഇത്. വൃശ്ചികം ഒന്നിന് അടക്കം രണ്ട് സംസ്ഥാന ഹർത്താലുകളാണ് മണ്ഡല മകര വിളക്ക് സീസണിൽ മാത്രം ബിജെപി ഇത്തവണ നടത്തിയിരിക്കുന്നത്. ശബരില വിഷയത്തിൽ ബിജെപിയുടെ ആദ്യ ഹർത്താൽ നടന്നത് ഒക്ടോബർ പത്തിനായിരുന്നു. സെപ്റ്റംബർ 28 ന് വന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ സർക്കാരും ദേവസ്വം ബോർഡും റിവ്യു ഹർജി നൽകുന്നില്ലെന്നാരോപിച്ച് വിവിധ ഹൈന്ദവ സംഘടനകൾ പ്രഖ്യാപിച്ച സമരത്തിന് ബിജെപി പിൻതുണ നൽകുകയായിരുന്നുവെന്നാണ്. 
നവംബർ രണ്ടായിരുന്നു ശബരിമലയിലെ രണ്ടാമത്തെ ഹർത്താൽ. ശബരിമലയിൽ ദർശനത്തിനു പോയ അയ്യപ്പഭക്തൻ ശിവദാസൻ നിലയ്ക്കലിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയതായിരുന്നു അടുത്ത ഹർത്താലിന് കാരണമാടയത്. ഇയാൾ പൊലീസ് ലാത്തിച്ചാർജിൽ മരിച്ചതാണെന്ന് ആരോപിച്ചായിരുന്നു പത്തനംതിട്ട ജില്ലയിൽ ബിജെപിയുടെ ഹർത്താൽ. 
വൃശ്ചികം ഒന്നിന് ശബരിമല സന്ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു സംസ്ഥാന വ്യാപകമായുള്ള രണ്ടാമത്തെ ഹർത്താൽ. പുലർച്ചെ മൂന്ന് മണിക്ക് ഹർത്താൽ പ്രഖ്യാപിച്ച് ജനത്തെ നന്നായി ബുദ്ധിമുട്ടിക്കുകയും ചെയ്തു അന്ന് ബിജെപി. രണ്ടു ദിവസം മുൻപായിരുന്നു തിരുവനന്തപുരം ജില്ലയിൽ മാത്രമായുള്ള ബിജെപിയുടെ ഹർത്താൽ. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചതായി ആരോപിച്ചായിരുന്നു ഹർത്താൽ. തിരുവനന്തപുരം ജില്ലയിൽ മാത്രമായിരുന്നു ഹർത്താലെങ്കിലും സാധാരണക്കാർ നന്നായി വലഞ്ഞു. ഇതിനിടെയാണ് ബിജെപി പ്രവർത്തകന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ ഇപ്പോൾ നടത്തുന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണെന്ന് ഇയാളുടെ മരണ മൊഴിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കുകയാണെന്ന് മാത്രമാണ് ഇയാൾ പൊലീസിനു മരണ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, വേണുഗോപാലൻ നായർ ശരണം വിളിച്ചു കൊണ്ടാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന വാദമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. പൊലീസ് ഇയാളുടെ മരണ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വാദിക്കുന്നു. 
ഇത്തരത്തിൽ അനാവശ്യമായി ഹർത്താൽ നടത്തി ജനത്തെ ബുദ്ധിമുട്ടിക്കുന്ന പാർട്ടികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജനകീയ പ്രതിരോധ സമിതി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഹർത്താലിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ജനകീയ പ്രതിരോധ സമിതി അംഗങ്ങളുടെ നമ്പരുകളിൽ ബന്ധപ്പെടാം. ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് അഡ്വ.സന്തോഷ് കണ്ടംചിറ, ജനറൽ സെക്രട്ടറി എ.കെ ശ്രീകുമാർ, ട്രഷറർ ജെ.വി ഫിലിപ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഹർത്താലിൽ ഏതെങ്കിലും രീതിയിലുള്ള നാശനഷ്ടമുണ്ടായാൽ ഹർത്താൽ ആഹ്വാനം ചെയ്ത പാർട്ടിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഹർത്താലിൽ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് വിളിക്കാനുള്ള ഫോൺ നമ്പരുക – +919497290368, 94465011 11