കാലപ്പഴക്കം ;ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് തകര്‍ന്നുവീണു ; ആളപായമില്ല

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂർ : കാലപ്പഴക്കത്തെ തുടര്‍ന്ന്,​ ഗുരുവായൂര്‍ തെക്കേനടയിലെ ദേവസ്വം ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലെ സി ബ്ലോക്കിലെ കെട്ടിടം തകര്‍ന്നുവീണു.താഴത്തെ നിലയില്‍ താമസക്കാരില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം.

സി ബ്ലോക്കില്‍ 7 മുതല്‍ 12 വരെയുള്ള ക്വാര്‍ട്ടേഴ്‌സുകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചുമര്‍ തകര്‍ന്ന് മുകളിലെ നിലകള്‍ താഴെ പതിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും ഓരോ വീട്ടുകാര്‍ താമസിക്കുന്നുണ്ട്. ഒന്നാം നിലയില്‍ ക്ഷേത്രം വാച്ച്‌ വുമണ്‍ കെ.ജയശ്രീയും കുടുംബവുമാണ് താമസിക്കുന്നത്. രണ്ടാം നിലയില്‍ ക്ഷേത്രം വാച്ച്‌മാന്‍ പി.ഉണ്ണിക്കൃഷ്ണനും കുടുംബവുമാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടക്കുമ്ബോള്‍ ഉണ്ണിക്കൃഷ്ണന്‍ പുറത്തും ജയശ്രീ ക്ഷേത്രത്തിലുമായിരുന്നു. ജയശ്രീയുടെ അമ്മ ദേവയാനിയും ഒമ്ബത് വയസുകാരിയായ മകള്‍ ശ്രേയയും ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രീതിയും ആറ് വയസുകാരി മകള്‍ ശ്രീപാര്‍വതിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കെട്ടിടം താഴേയ്ക്ക് പോകുന്നതറിഞ്ഞ് പ്രീതി മകളെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.

ജയശ്രീയുടെ അമ്മ ദേവയാനി ശ്രേയയെയും എടുത്ത് പുറത്തേയ്ക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും താഴെ വീണു. മുകളില്‍ നിന്നും പ്രീതിയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.വി.മോഹനകൃഷ്ണന്‍ , സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. താമസക്കാരെ താത്കാലികമായി പാഞ്ചജന്യം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സി ബ്ലോക്കിലെ മറ്റ് താമസക്കാരെ താമരയൂരിലെ ദേവസ്വം ക്വാര്‍ട്ടേഴ്‌സിലേയ്ക്കും മാറ്റി.

 

തകര്‍ന്ന് വീണത് അര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടമാണ്. 1974 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം 1975ലാണ് താമസിക്കാനായി അനുവദിച്ച്‌ നല്‍കിയത്. കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടം അപകട ഭീഷണിയിലായിരുന്നു. പില്ലറുകള്‍ ഇല്ലാതെ വെട്ടുകല്ലില്‍ പണിത കെട്ടിടങ്ങളാണിത്. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പത്ത് മാസം മുമ്ബ് ഇവിടുത്തെ താമസക്കാര്‍ക്ക് ഒഴിയാന്‍ ദേവസ്വം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പകരം ക്വാര്‍ട്ടേഴ്‌സ് അനുവദിക്കാത്തതിനാലാണ് താമസക്കാര്‍ മാറാതിരുന്നത്. ഇവിടെയുള്ള കെട്ടിടം പൊളിച്ച്‌ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിനാണ് ദേവസ്വം പദ്ധതി തയ്യാറാക്കിയിരുന്നത്. അതിനാല്‍ അറ്റകുറ്റപണികളും ചെയ്തിരുന്നില്ല.