
സ്വന്തം ലേഖകൻ
മണര്‍കാട്: മണര്‍കാട് പള്ളിക്കു മുൻപിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വന്‍തീപിടിത്തം. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. സൂപ്പര്‍മാര്‍ക്കറ്റ്, പച്ചക്കറി കടകളും മുകളിലെ നിലയിലുള്ള ഗോഡൗണുമാണ് കത്തിനശിച്ചത്. താഴത്തെ കടയില്‍നിന്ന് മുകളിലേക്ക് സ്റ്റെയര്‍കേസ് ഉണ്ടായിരുന്നതാണ് തീപടരാനിടയാക്കിയത്.
ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ഇരുപതു വര്‍ഷമായി വാടകയ്ക്ക് പച്ചക്കറിക്കട നടത്തുന്ന മാലം പെരുമന സജിയുടെ മൂന്നു കടകളാണ് കത്തിനശിച്ചത്. പച്ചക്കറിക്കടയോടു ചേര്‍ന്നുള്ള സൂപ്പര്‍ മാര്‍ക്കറ്റ്, മുകളിലത്തെ നിലയിലുള്ള ഗോഡൗണ്‍ എന്നിവ പൂര്‍ണമായും നശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 9.30 ന് കടയടച്ചു വീട്ടില്‍ പോയതിനുശേഷം 10.15ന് എതിര്‍വശത്തെ ബാങ്കിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥന് കുട്ടനാണ് സമീപത്തെ പോസ്റ്റില്‍ തീകത്തുന്നത് കണ്ടത്. പിന്നീട് പച്ചക്കറി കടയിലേക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ സമീപത്തെ കെഎസ്ഇബി ഓഫീസില്‍ അറിയിക്കുകയും പവര്‍ ഓഫ് ചെയ്യുകയുമായിരുന്നു.
ഓടിക്കൂടിയവര്‍ വെള്ളമൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും മറ്റുകടകളിലേക്കു വന്‍ സ്ഫോടന ശബ്ദത്തോടെ പടര്‍ന്നു. ഉടൻതന്നെ പൊലീസിനേയും ഫയർഫോഴ്സ് അധികൃതരെയും അറിയിച്ചു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം