
സ്വന്തം ലേഖകൻ
കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം.അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്, സി.ജയചന്ദ്രന് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിരുന്നു.
മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ തോമസ് കോട്ടൂരിനും സെഫിക്കും ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലപാത കേസിന്റെ നാൾ വഴികൾ:
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്.
കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാ സ്ത്രീയുമായിരുന്ന അഭയ (21) ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
ലോക്കൽ പോലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒൻപതര മാസവും അന്വേഷണം നടത്തി അഭയയുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചു. ഇത് വിവാദമായതിനെ തുടർന്ന് 1993ൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ഉത്തരവിൽ സിബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഡിവൈഎസ്പി വർഗീസ് പി തോമസിനായിരുന്നു അന്വേഷണ ചുമതല. 7 മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ അഭയയുടേത് കൊലപാതകമാണെന്ന് സിബിഐ വിധിയെഴുതി.
എന്നാൽ, ആത്മഹത്യയാണെന്ന് എഴുതാൻ അന്നത്തെ സിബിഐ എസ്പി വി ത്യാഗരാജനിൽ നിന്ന് സമ്മർദമുണ്ടായെന്ന് ചൂണ്ടിക്കാട്ടി വർഗീസ് പി തോമസ് രാജിവെച്ചു. തുടർന്ന് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
കേസിലെ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് 1996ൽ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ എറണാകുളം സിജെഎം കോടതി ഈ റിപ്പോർട്ട് തള്ളി. സിബിഐയോട് തുടരന്വേഷണം നടത്താൻ ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
മൂന്ന് തവണയാണ് തെളിവില്ലെന്ന കാരണം പറഞ്ഞ് സിബിഐ കോടതിയെ സമീപിച്ചത്. ഒടുവിൽ, 2007ൽ ചുമതലയേറ്റ ഡിവൈഎസ്പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ ഫാ.തോമസ് എം കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രതികൾ കുറ്റം സമ്മതിക്കുന്ന പരിശോധന ഫലം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് അന്ന് ഏറെ വിവാദമായിരുന്നു. തുടർന്ന് 2008ൽ മൂന്ന് പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്ത 49 ദിവസം ജയിലിൽ അടച്ചു.
പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കാണാനിടയായതിനെ തുടർന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കുറ്റപത്രം നൽകി വർഷങ്ങൾ കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.
അതിനിടെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മേൽക്കോടതിയെ സമീപിച്ചിരുന്നു.
2018 മാർച്ചിൽ മതിയായ തെളിവില്ലെന്ന കാരണത്താൽ ഫാ.ജോസ് പുതൃക്കയിലിനെ കോടതി വെറുതെ വിട്ടു. ശേഷിക്കുന്ന രണ്ട് പേർക്കെതിരെയും വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. 2019 ഓഗസ്റ്റിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്.
133 പ്രോസിക്യൂഷൻ സാക്ഷികളിൽ 49 പേരെ മാത്രമാണ് വിസ്തരിക്കാനായത്. കേസ് നീണ്ടപ്പോൾ സാക്ഷികളിൽ പലരും മരണപ്പെട്ടു. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ, കേസിലെ 53-ാം സാക്ഷിയായ ആനി ജോൺ എന്നിവരാണ് കൂറുമാറിയത്.
കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്.
കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടുവെന്ന സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തിയിരുന്നു.
എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യപ്പെട്ടുവെന്നും, അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്.
രഹസ്യമൊഴി നൽകിയ സാക്ഷികൾ അടക്കം കൂറുമാറിയ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അനുബന്ധമായി സിബിഐ ചേർത്തിരിക്കുന്നത്.
സംഭവ ദിവസം കോൺവെന്റിൽ മോഷണത്തിന് കയറിയ അടയ്ക്ക രാജുവെന്ന ആളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. രണ്ട് വൈദികരെയും അസമയത്ത് കോൺവെന്റിൽ കണ്ടുവെന്നാണ് അടയ്ക്ക രാജു മൊഴി നൽകിയത്.
കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജൻമാരുടെ മൊഴിയും നിർണായകമായി. ഈ മാസം 10നാണ് ഒരു വർഷവും മൂന്ന് മാസവും നീണ്ട വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ചത്.
കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം. അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിന് മുതലുള്ളവര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതിയില്‍ നല്കിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങള്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുക്കുത്തിയപ്പോള്‍ തോമസ് ഐക്കരക്കുന്നേലെന്ന കര്‍ഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാള്‍ക്കാര്‍ പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോള്‍ പണത്തിനും സ്വാധീനത്തിനും മേല്‍ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. അങ്ങനെയാണ് കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്



