
സ്വന്തം ലേഖിക
കൊച്ചി: വന്ധ്യതാ ചികിത്സയുടെ ഭാഗമായി കൊടുങ്ങല്ലൂരിലെ ക്രാഫ്‌റ്റ് ആശുപത്രിയില്‍ കൃത്രിമ ബീജസങ്കലനം നടത്തി സൂക്ഷിച്ചിരിക്കുന്ന ഭ്രൂണങ്ങള്‍ മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിക്ക് കൈമാറാൻ കോടതി ഉത്തരവ്.
എട്ടുവര്‍ഷമായി കൊടുങ്ങല്ലൂരിലെ ക്രാഫ്‌റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ശീതീകരിച്ച ഭ്രൂണങ്ങളാണ് തുടര്‍ ചികിത്സയുടെ ഭാഗമായി ഉടമകളായ ദമ്പതികളുടെ ആവശ്യപ്രകാരം മാറ്റുന്നത്. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഉത്തരവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭ്രൂണം കൈമാറാനുള്ള തങ്ങളുടെ ആവശ്യം ക്രാഫ്‌റ്റ് ആശുപത്രി അധികൃതര്‍ നിരസിച്ചതിനെതിരെ പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. 2014 സെപ്റ്റംബര്‍ മുതല്‍ ശീതീകരിച്ച ഭ്രൂണങ്ങള്‍ സൂക്ഷിച്ചതിന് നല്‍കാനുള്ള കുടിശ്ശിക തുക ഹർജിക്കാര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
തുക അടച്ച് ഹൈക്കോടതി വിധിപ്പകര്‍പ്പ് ഹാജരാക്കുമ്പോള്‍ ഭ്രൂണങ്ങള്‍ മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിക്ക് കൈമാറണം. സബൈന്‍ ആശുപത്രി അധികൃതര്‍ ഭ്രൂണങ്ങള്‍ സ്വീകരിച്ച് വന്ധ്യതാ ചികിത്സാ സംവിധാനത്തിനുള്ള ബാങ്കില്‍ സൂക്ഷിക്കണം. നിയമ പ്രകാരം ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് വ്യക്തമാക്കി അഞ്ച് ദിവസത്തിനകം മൂവാറ്റുപുഴയിലെ ആശുപത്രി അധികൃതര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
തുടര്‍ന്ന്, ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.2007ല്‍ വിവാഹിതരായ ദമ്പതികള്‍ വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിനെത്തുടര്‍ന്നാണ് കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി 2014ല്‍ യുവതിയില്‍ നിന്ന് അണ്ഡം ശേഖരിച്ച് ബീജസങ്കലനം നടത്തി ഭ്രൂണങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചുവരുകയായിരുന്നു. ദുബൈയിലായിരുന്ന ദമ്പതികള്‍ ഇതോടൊപ്പം ക്രാഫ്റ്റ് ആശുപത്രിയുടെ അവിടുത്തെ സെന്‍ററില്‍ ചികിത്സയും തുടര്‍ന്നു.
എന്നാല്‍, യുവതിയുടെ ഗര്‍ഭാശയ ഭിത്തിക്ക് മതിയായ കനമില്ലാത്തതിനാല്‍ ചികിത്സ നിര്‍ത്താന്‍ 2016ല്‍ ആശുപത്രി ചീഫ് കണ്‍സള്‍ട്ടന്‍റ് നിര്‍ദേശിച്ചു. ഇതേ സ്ഥിതിയിലായിരുന്ന യുവതിയുടെ സഹോദരിക്ക് മൂവാറ്റുപുഴ ആശുപത്രിയിലെ ചികിത്സയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതോടെയാണ് ദമ്പതികള്‍ ആ ആശുപത്രിയെ സമീപിച്ചത്. തുടര്‍ന്ന്, കൊടുങ്ങല്ലൂരിലെ ആശുപത്രിയിലുള്ള ശീതീകരിച്ച ഭ്രൂണങ്ങള്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും വന്ധ്യതാ ചികിത്സാ സാങ്കേതികവിദ്യകള്‍ നിയന്ത്രിക്കുന്ന നിയമപ്രകാരം ഭ്രൂണം കൈമാറാനാവില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ആവശ്യം നിരസിച്ചു.
എന്നാല്‍, ഈ നിയമത്തിലെ സെക്ഷന്‍ 29 പ്രകാരം ഭ്രൂണ കൈമാറ്റം തടഞ്ഞിട്ടുള്ളത് ഭ്രൂണങ്ങളുടെ വില്‍പനക്ക് തടയിടാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളാകാനുള്ള ദമ്പതികളുടെ ആഗ്രഹവും എട്ടുവര്‍ഷമായി ശീതീകരിച്ച നിലയിലുള്ള ഭ്രൂണത്തിന്‍റെ ഉള്ളില്‍ തുടിക്കുന്ന ജീവന്‍റെ അവകാശവും ഇതുമായി ബന്ധമില്ലാത്ത ഒരു നിയമ വ്യവസ്ഥയുടെ പേരില്‍ നിഷ്‌ഫലമാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് ഹർജിക്കാരുടെ ആവശ്യം അനുവദിക്കുകയായിരുന്നു.