കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാർപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാർപ്പിച്ചു.
അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം കരയിൽ കോട്ടമുറി ഭാഗത്ത് ചെറിയപള്ളിക്കുന്നേൽ ബിബിൻ ബാബുവിനെയാണ് കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാർപ്പിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിബിൻ ബാബുവിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമം, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് ബിബിൻ ബാബു.
കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ അച്ചു സന്തോഷിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷൻ പ്രവർത്തനം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.