മാങ്ങാനത്ത് കണ്ടെത്തിയ മൃതദേഹം വയോധികയുടേത്: മൃതദേഹം കണ്ടെത്തിയത് ഐപിസി സെമിനാരിയുടെ പിന്നിലെ തോട്ടിൽ; മരിച്ചത് ശബരിമലയ്ക്ക് പോകാൻ മാലയിട്ട മാളികപ്പുറമെന്ന് സംശയം: മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു
തേർഡ് ഐ ബ്യൂറോ
പുതുപ്പള്ളി: മാങ്ങാനം പുതുപ്പള്ളി റോഡിൽ പാടശേഖരത്തിനു നടുവിലെ തോട്ടിൽ കണ്ടെത്തിയത് വയോധികയുടെ മൃതദേഹമെന്ന് പൊലീസ്. എന്നാൽ, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മാങ്ങാനം പാലൂർപ്പടിയിലെ ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയുടെ പിന്നിലൊഴുകുന്ന പാടശേഖരത്തിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ശബരിമലയ്ക്കു പോകാൻ മാലയിട്ടിരുന്ന വയോധികയാണ് മരിച്ചതെന്നാണ് സൂചന.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് മൃതദേഹം പാലൂർപടിയിലെ ഐപിസി സെമിനാരിയുടെ പിന്നിലെ തോട്ടിൽ കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം ഒഴുകി വരുന്നത് കണ്ട് ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് വിവരം പൊലീസിലും അഗ്നിശമന സേനയിലും അറിയിച്ചത്. തോട്ടിൽ മീൻ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കാനായി പോയ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി ഏഴരയോടെ മൃതദേഹം പുറത്തെടുപ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയത്.
മൃതദേഹത്തിൽ കൈലിയും ബ്‌ളൗസുമാണ് വേഷണമെന്നാണ് അഗ്നിരക്ഷാ സേനാ അംഗങ്ങൾ നൽകുന്ന സൂചന. ഇവരുടെ കഴുത്തിൽ ശബരിമലയ്ക്കു വ്രതമെടുക്കുമ്പോൾ ധരിക്കുന്ന രീതിയിലുള്ള മാലയുണ്ടായിരുന്നു. അൻപത് വയസെങ്കിലും പ്രായമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുതുപ്പള്ളി പള്ളിയ്ക്കു മുന്നിലെ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീണതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്.
പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.