സിപിഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ; പന്നിയെ വെടിവെക്കാൻ ഒളിപ്പിച്ചു വെച്ച തോക്കിൽ അബദ്ധത്തിൽ ചവിട്ടിയാണ് അപകടം
സ്വന്തം ലേഖിക
കാസർകോട്: സിപിഐ നേതാവ് കൃഷിയിടത്തിൽവെച്ച് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. കാഞ്ഞങ്ങാട് കരിച്ചേരിയിൽ സിപിഐ നേതാവ് പനയാൽ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകൻ എ. മാധവൻ നമ്പ്യാരാണ് (65) മരിച്ചത്. പന്നിയെ വെടിവെക്കാൻ ഒളിപ്പിച്ചു വെച്ച തോക്കിൽ അബദ്ധത്തിൽ ചവിട്ടിയപ്പോഴാണ് അപകടമുണ്ടായത്. കരിച്ചേരിയിലെ കൃഷിയിടത്തിൽ ഇന്നലെ രാവിലെ 7.15നാണ് സംഭവം.
പ്ലാവിൽനിന്ന് ചക്ക ഇടാനായി കൃഷിയിടത്തിലെത്തിയതായിരുന്നു മാധവൻ നമ്പ്യാർ. ശ്രീഹരി എന്നയാൾ പന്നിയെ വെടിവെക്കാൻ കൃഷിയിടത്തിൽ തോക്ക് ഒളിപ്പിച്ചു വെച്ചിരുന്നു. ഈ തോക്കിൽ അറിയാതെ ചവിട്ടിയപ്പോൾ വെടി പൊട്ടുകയും മാധവൻ നമ്പ്യാരുടെ വലതുകാൽ മുട്ടിന് വെടിയേൽക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെടിയേറ്റ് വീണ മാധവൻ നമ്പ്യാർ അവശനിലയിൽ ഏറെ നേരം കൃഷിയടത്തിൽ കിടന്നു. ഏറെ വൈകി അയൽവാസിയാണ് മാധവൻ നമ്പ്യാർ കൃഷിയിടത്തിൽ കിടക്കുന്നത് കണ്ടത്. അവശ നിലയിലായിരുന്ന അദ്ദേഹത്തെ ഉടൻ തന്നെ മംഗളുരുവിലെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം അംഗമാണ് മാധവൻ നമ്പ്യാർ.