അട്ടപ്പാടിയിലെ ആള്‍ക്കൂട്ട മര്‍ദന കേസ്; ഒരു സാക്ഷി കൂടി കൂറുമാറി; കോടതിയില്‍ മലക്കം മറിഞ്ഞത് മധുവിന്റെ ബന്ധുകൂടിയായ ചന്ദ്രന്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി.

കേസിലെ 11ാം സാക്ഷിയും മധുവിന്റെ ബന്ധുവും കൂടിയായ ചന്ദ്രനാണ് നേരത്തെ നല്‍കിയ മൊഴി നിഷേധിച്ചത്. മധുവിനെ പ്രതികള്‍ മര്‍ധിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രന്‍ നേരത്തേ മൊഴി നല്‍കിയത്. രഹസ്യ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ മൊഴി പൊലീസ് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതാണെന്നാണ് ഇന്ന് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സാക്ഷി കൂറുമാറിയതായി കോടതിയും വ്യക്തമാക്കി. ഇന്നലെ പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. വിചാരണയ്ക്കിടെ തന്നെയാണ് ഇയാളും കൂറുമാറിയത്. സംഭവം കണ്ടെന്ന് ഉണ്ണികൃഷ്ണന്‍ നല്‍കിയ മൊഴി പൊലീസ് നിര്‍ബന്ധിച്ച്‌ എഴുതി വാങ്ങിയതാണെന്നാണ് ഇന്നലെ കോടതിയെ അറിയിച്ചത്.

രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയത് കേസിനെ സാരമായി തന്നെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസിന്റെ സാക്ഷി വിസ്താരം മണ്ണാര്‍കാട് കോടതിയില്‍ വെള്ളിയാഴ്ചയും തുടരും.

കേസിലെ സാക്ഷികളെ പ്രതികള്‍ രാഷ്ട്രീയ ബന്ധങ്ങളും പണവും ഉപയോഗിച്ച്‌ സ്വാധീനിച്ചുവെന്ന് സംശയിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളടക്കം അഗളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ഭരണത്തിലിരിക്കുന്നവരുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവിലിറങ്ങുമെന്നും മധുവിന്റെ കുടുംബം പറഞ്ഞു. അതേസമയം, പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും കുടുംബം ആരോപിക്കുന്നു. സര്‍ക്കാര്‍ നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഇതുവരെ ഫീസ് നല്‍കിയിട്ടില്ല. മുന്‍പ് നിയമിച്ച പ്രോസിക്ക്യൂട്ടര്‍മാര്‍ക്കും ഫീസ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് അവര്‍ കേസില്‍ നിന്ന് പിന്മാറി.