
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: കൈവരി എടുത്തുമാറ്റാന്‍ കാണിച്ച ആവേശം തിരികെ വയ്ക്കാനില്ല. ഇതോടെ അപകടഭീഷണിയിലായത് വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നടയാത്രികര്‍. ആറ്റില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനാണ് പഴയിടം കോസ് വേയുടെ കൈവരികള്‍ ഊരിമാറ്റിയത്. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും കൈവരികള്‍ പുനഃസ്ഥാപിച്ചിട്ടില്ല.
വേനല്‍ മഴയത്താണ് മണിമലയാറിനു കുറുകെയുള്ള പഴയിടം കോസ് വേയില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞു കൂടിയത്. ശക്തമായ മഴയില്‍ വലിയ തോതില്‍ മാലിന്യങ്ങള്‍ തങ്ങിക്കിടന്നതോടെയാണ് ഇതു നീക്കം ചെയ്യാനായി കൈവരികള്‍ ഊരിമാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂണുകള്‍ തകര്‍ന്നു മാലിന്യം നീക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും കൈവരികള്‍ പുനഃസ്ഥാപിച്ചിട്ടില്ല. നിലവില്‍ ഊരിമാറ്റിയ ഭാഗത്തെ കൈവരികള്‍ സമീപത്തുതന്നെ വെറുതെ വച്ചിരിക്കുകയാണ്. ജെസിബി ഉപയോഗിച്ചു മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോള്‍ ഈ ഭാഗത്തെ കൈവരികളുടെ തൂണുകള്‍ തകര്‍ന്നതാണ് പുനഃസ്ഥാപിക്കാതെ പോയതിനു കാരണം.
ചിറക്കടവ്, മണിമല, എരുമേലി എന്നീ മൂന്നു പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മണിമലയാറിന്റെ കുറുകെ തീരത്തിനു സമാന്തരമായി 1967ല്‍ നിര്‍മിച്ചതാണ് പഴയിടം കോസ് വേ. ഇരു കരയിലുമുള്ള റോഡിനെക്കാള്‍ വളരെ താഴ്ന്നാണ് കോസ് വേ ഉള്ളത്. മണിമലയാര്‍ കരകവിഞ്ഞൊഴുകുന്നതോടെ കോസ് വേ വെള്ളത്തിലാകും.
അപ്പോഴെല്ലാം കൈവരികള്‍ തകരുകയും വീണ്ടും പുനര്നിര്മിക്കുകയുമായിരുന്നു പതിവ്. ഇതിനു പരിഹാരമായാണ് ഊരിമാറ്റാവുന്ന വിധത്തില്‍ പുതിയ കൈവരികള്‍ സ്ഥാപിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലം 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനര്‍നിര്‍മിച്ചത്.
സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ നടന്നു പോകുന്ന പാലത്തില്‍ കൈവരികള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



