play-sharp-fill
ഇടതുപക്ഷം സെഞ്ച്വറിയടിച്ചാലോ?” എന്ന ചോദ്യത്തിന് ”അതെന്താ 99-ൽ നിർത്തിക്കൂടേ?”, എന്ന് ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ച് ഉമ; ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും മഹാരാജാസിലെ പഴയ വിദ്യാർത്ഥി  നേതാവിന് വൻ ഭൂരിപക്ഷം; ആദ്യം പി.ടി തോമസിന്റെ  ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു; ഇപ്പോൾ തൃക്കാക്കരയുടെ മനസ്സിലും  അവിടെ നിന്നും കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യമായി ഉമ

ഇടതുപക്ഷം സെഞ്ച്വറിയടിച്ചാലോ?” എന്ന ചോദ്യത്തിന് ”അതെന്താ 99-ൽ നിർത്തിക്കൂടേ?”, എന്ന് ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ച് ഉമ; ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും മഹാരാജാസിലെ പഴയ വിദ്യാർത്ഥി നേതാവിന് വൻ ഭൂരിപക്ഷം; ആദ്യം പി.ടി തോമസിന്റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു; ഇപ്പോൾ തൃക്കാക്കരയുടെ മനസ്സിലും അവിടെ നിന്നും കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യമായി ഉമ

സ്വന്തം ലേഖകൻ

കൊച്ചി: ആമുഖങ്ങളില്ലാതെ കേരള വിദ്യാര്‍ഥി യൂണിയന്റെ സ്ഥാനാര്‍ഥി പരിചയ പുസ്തകത്തിന്റെ രണ്ടാംപേജില്‍ അച്ചടിച്ചുവന്ന ഒറ്റപ്പേര്. ഉമ. ഒറ്റപ്പാട്ടു കൊണ്ട് ആദ്യം പി.ടി തോമസിന്റെ ഹൃദയത്തിലേക്കും പിന്നെ ജീവിതത്തിലേക്കും കയറിച്ചെന്നു ഉമ.

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും മഹാരാജാസ് കോളേജ് ഉമാ തോമസിന്‍റെ ഭാഗ്യ ഇടങ്ങളിലൊന്നാണ്. പി. ടി. തോമസിനെ ആദ്യമായി കണ്ടതും പി. ടി. ക്ക് പിന്നാലെ നിയമസഭയിലെത്തുന്നതും മഹാരാജാസിന്റെ അകത്തളങ്ങളില്‍ നിന്നാണ്. ഇവിടെ നടന്ന വോട്ടെണ്ണലിൽ പി.ടി.യ്ക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടോടെ ഉമ തോമസ് നിയമസഭയിലേക്ക് നടന്നു കയറുമ്പോൾ, തൃക്കാക്കരയുടെ ഉത്തരം വ്യക്തമാണ്. കെ കെ രമ കഴിഞ്ഞാൽ, യുഡിഎഫിലെ രണ്ടാമത്തെ വനിതാ എംഎൽഎ. കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം – ഉമ തോമസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്‍പതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളജില്‍ നിന്ന് രണ്ടു തവണ യൂണിയന്‍ ഭാരവാഹിയായതാണ് ഉമയുടെ സംഘടനാ ജീവിതത്തിലെ അവസാനത്തെ അധ്യായം. രാഷ്ട്രീയ കേരളത്തില്‍ പുതിയ ഏടുകള്‍ തുറക്കുമ്പോൾ അവര്‍ പി.ടി.യുടെ ഭാര്യയെന്ന ഒറ്റ മേല്‍വിലാസത്തിലൊതുങ്ങി നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഉമ ലക്ഷണമൊത്തൊരു രാഷ്ട്രീയക്കാരിയായി ഉയര്‍ന്നു. കുറിക്കുകൊളളുന്ന മറുപടികള്‍ അങ്ങനെ പിറന്നവയാണ്. ഇടതുപക്ഷം സെഞ്ച്വറിയടിക്കുമെന്ന കൂറ്റന്‍ പ്രചരണത്തെ ഉമ നിഷ്പ്രഭമാക്കിയത് ഒറ്റവാചകം കൊണ്ട്. ”ഇടതുപക്ഷം സെഞ്ച്വറിയടിച്ചാലോ?” എന്ന ചോദ്യത്തിന് ”അതെന്താ 99-ൽ നിർത്തിക്കൂടേ?”, എന്ന് ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ചു ഉമ.

തടുക്കാന്‍ എളുപ്പമല്ലാത്ത പിണറായിയുടെ വാക്ശരങ്ങള്‍ക്ക് പോലും ഉശിരന്‍ മറുപടി നല്‍കിയ ഉമ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചു. രാഷ്ട്രീയത്തില്‍ പി.ടി തോമസിന് ശിഷ്യരേറെയുണ്ട്, പിന്‍ഗാമി ഒരാള്‍ മാത്രം. 1987 ജൂലൈ 9-ന് പി.ടി.യുടെ ജീവിതത്തിലേക്ക് കയറിവന്ന, നിയമസഭയുടെ പടികള്‍ കയറാനിരിക്കുന്ന ഉമാ തോമസ്.

അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 – 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ച് തൃക്കാക്കരയുടെ ഹൃദയം കവരുന്നു ഉമ തോമസ്.

സമ്ബന്ന ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ഉമ. കോളേജിലെ കെഎസ്‍യു പ്രവ‍ര്‍ത്തനത്തിനിടെയാണ് ഉമയുമായി അടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ സൗഹൃദം ഉമയുടെ വീട്ടുകാരിലേക്കും വ്യാപിച്ചു. ഉമയുടെ അമ്മയുമായി പി ടി ഫോണിലൂടെ ഒരുപാട് സംസാരിച്ചിരുന്നു. മറ്റു ബന്ധുക്കളുമായി പരിചയമുണ്ടായിരുന്നു. എന്നാല്‍ അപ്പോള്‍ ഒന്നും പ്രണയത്തിലായിരുന്നില്ല. പിന്നീട് എപ്പോഴോ ഉമയോട് സൗഹൃദത്തിനപ്പുറം മറ്റൊരിഷ്ടം തോന്നി. പക്ഷേ അതു തുറന്നു പറയാന്‍ പറ്റിയില്ല. ഉമയ്ക്ക് വീട്ടില്‍ വിവാഹം ആലോചിക്കുന്നുവെന്ന് അറിഞ്ഞതോടെ രണ്ടും കല്‍പിച്ച്‌ കാര്യം പറയാന്‍ തീരുമാനിച്ചു. പി ടി തോമസ് ആവശ്യപ്പെട്ട പ്രകാരം ഉമ കാണാന്‍ വന്നു. പക്ഷേ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. അതു കാരണം ഒന്നും പറയാന്‍ അന്നും പറ്റിയില്ല. പിന്നെ ഫോണിലൂടെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ഉമയും അനുകൂലമായി പ്രതികരിച്ചതോടെയാണ് പി ടി – ഉമ പ്രണയകഥ തുടങ്ങുന്നത്.

അന്യമതസ്ഥനും ഇടുക്കിയിലെ കര്‍ഷകുടുംബത്തിലെ അംഗവുമായ പിടി തോമസുമായുള്ള ഉമയുടെ പ്രണയം വീട്ടുകാര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാനാവുമായിരുന്നില്ല. ഉമയെ കല്ല്യാണം കഴിക്കുന്നതില്‍ പിടി തോമസിന്‍റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. കല്ല്യാണം പള്ളിയില്‍ വെച്ച്‌ നടത്തണമെന്നൊരു നിര്‍ബന്ധം മാത്രമായിരുന്നു പിടിയുടെ അമ്മയ്ക്കുണ്ടായിരുന്നത്. കുടുംബത്തെ അനുനയിപ്പിക്കാന്‍ ഉമയും പിടിയും എല്ലാ തരത്തിലും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ രണ്ടും കല്‍പിച്ച്‌ പിടി ആ തീരുമാനമെടുത്തു.

ഉമയെ വിളിച്ചറിക്കി കൊണ്ടു വരിക തന്നെ. ഉമയേയും പിടിയേയും ഒന്നിപ്പിക്കാനുള്ള ചുമതലയേറ്റെടുത്ത് സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയും രം​ഗത്തിറങ്ങി. ഉമയെ പി.ടി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവന്ന് നേരെ പോയത് വയലാര്‍ രവിയുടേയും മേഴ്സി രവിയുടേയും വീട്ടിലേക്ക്. മകള്‍ തനിക്കൊപ്പം ഉണ്ടെന്നും സുരക്ഷിതയാണെന്നും പിടി തോമസ് ഉമയുടെ പിതാവിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. പി ടി – ഉമ പ്രണയകഥ വിവാഹത്തിലെത്തിയത് അങ്ങനെയാണ്.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഫിനാൻസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് മാനേജറും വീട്ടമ്മയുമായിരുന്ന ഉമ തോമസ് ഇനി തൃക്കാക്കരയെ പ്രതിനിധീകരിക്കുന്ന എംഎൽഎയാകും.