play-sharp-fill
സ്‌കൂൾ തുറന്നു;  കുട്ടികളുടെ ഭക്ഷണത്തിൽ അ‌ൽപം ശ്രദ്ധിക്കാം

സ്‌കൂൾ തുറന്നു; കുട്ടികളുടെ ഭക്ഷണത്തിൽ അ‌ൽപം ശ്രദ്ധിക്കാം

പ്രീതി ആർ നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്
എസ് യു ടി ഹോസ്പിറ്റൽ
പട്ടം
തിരുവനന്തപുരം

കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന സ്‌കൂളുകൾ തുറക്കുന്നു. ഇത്രയും കാലം ഓൺലൈൻ വഴിയാണ് പഠനം നടത്തിയിരുന്നത്. മാതാപിതാക്കൾ ഇപ്പോൾ വലിയ ഉത്കണ്ഠയിലാണ്. കുട്ടികളുടെ ആഹാരകാര്യത്തിലും ജീവിതശൈലിയിലും നല്ല ശ്രദ്ധ വേണ്ടകാലം. കോവിഡ് 19 പോലുള്ള പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ സമീകൃതമായ ഭക്ഷണം അത്യാവശ്യമാണ്. വ്യക്തിശുചിത്വവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കലുമാണ് പകർച്ച വ്യാധികൾ തടയാനുള്ള മാർഗ്ഗം.

പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ദിവസവും നൽകണം. പാൽ, മുട്ട, ഇറച്ചി, നട്‌സ്, പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രഭാതഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നൽകാം. വിറ്റാമിൻ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത്. വിറ്റാമിൻ സി ധാരാളമടങ്ങിയ നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്.

കാത്സ്യം അ‌ടങ്ങിയ ഭക്ഷണം നൽകാം

വളരുന്ന കുട്ടികൾക്ക് കാൽസ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാൽ കൊടുക്കാം. പാലുൽപ്പന്നങ്ങൾ (തൈര്, മോര്, പനീർ) എന്നിവ നൽകാം. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇലക്കറികൾ ഉൾപ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്‌സ് വിഭവങ്ങൾ (അണ്ടിപ്പരിപ്പുകൾ), ഉണങ്ങിയ പഴങ്ങൾ എന്നിവ നൽകാം. ഉച്ചഭക്ഷണത്തിൽ വൈവിദ്ധ്യത്തിനായി ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്‌റൈസ്, ക്യാരറ്റ് ചോറ് എന്നിവ ഉൾപ്പെടുത്താം.

നാലുമണി ആഹാരമായി ആവിയിൽ വേവിച്ച ശർക്കര ചേർത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവൽ, റാഗിയുടെ ആഹാരങ്ങൾ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീൻ സമൃദ്ധമാകണം. ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങൾ (ബേക്കൺ, ഹോട്ട് ഡോഗ്, സോസേജുകൾ) എന്നിവ ഒഴിവാക്കാം. പൂരിത കൊഴുപ്പ്, ട്രാൻസ്ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്. ആഹാരം നന്നായാൽ ആരോഗ്യം നന്നായി. കുട്ടികൾക്ക് പോഷകസമൃദ്ധവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.