video
play-sharp-fill

ഇരുപത്തിനാല് വര്‍ഷത്തോളം അമ്പൂരിയിലെ കുന്നത്തുമലയില്‍ ഏകാംഗ അധ്യാപിക; മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന  പുരസ്കാരം നേടിയ ഉഷാകുമാരി ഇനി തൂപ്പുകാരി

ഇരുപത്തിനാല് വര്‍ഷത്തോളം അമ്പൂരിയിലെ കുന്നത്തുമലയില്‍ ഏകാംഗ അധ്യാപിക; മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഉഷാകുമാരി ഇനി തൂപ്പുകാരി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ സംസ്ഥാനത്ത് തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. ആദിവാസികളുള്‍പ്പെടെയുള്ള പിന്നാക്ക മേഖലകളിൽ നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നവരിൽ 50 പേരാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ തൂപ്പുജോലിക്കാരായി മാറിയത്.

മാര്‍ച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചത്. ജോലി നഷ്ടപ്പെട്ട 344പേരിൽ (വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് അധ്യാപകരുണ്ടാകും) 50 പേര്‍ക്കാണ് തൂപ്പുജോലിക്കാരായി സർക്കാർ സ്ഥിര നിയമനം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനം നിർത്തി അധ്യാപകരെ (വിദ്യാ വൊളന്റിയർ) പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ സ്വീപ്പർ തസ്തികയിൽ (പാർട്ട് ടൈം/ഫുൾ ടൈം) നിയമിക്കാൻ തീരുമാനിച്ചത്. ഏകാധ്യാപക വിദ്യാലയങ്ങളിൽ 10 വർഷം പൂർത്തിയാക്കിയവരെ മാത്രം സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ ആദ്യം തീരുമാനിച്ചത്.

പിന്നീട് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ഏകാധ്യാപക വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.സമ്മതപത്രം എഴുതിനൽകിയാണ് അധ്യാപകർ സ്വീപ്പർ തസ്തികയിലേക്ക് പ്രവേശിക്കുന്നത്. ഏകാധ്യാപകരായിരുന്നപ്പോൾ കിട്ടിയ ശമ്പളത്തേക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ഇവർക്ക് ലഭിക്കും. അടയ്ക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികൾ തൊട്ടടുത്തുള്ള വിദ്യാലയങ്ങളിലാണ് പഠനം തുടരുക.

എന്നാൽ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്നാണ് വാഗ്ധാനം ചെയ്തിരുന്നതെങ്കിലും നല്‍കിയത് തൂപ്പുജോലിയാണെന്നാണ് പരാതി. നിലവില്‍ അധ്യാപക കുപ്പായം ഊരിവെച്ച് ചൂല് കൈയിലെടുത്തിരിക്കുന്നത് 50 പേരാണ്.

24 വര്‍ഷത്തോളമാണ് അമ്പൂരിയിലെ കുന്നത്തുമലയില്‍ ഉഷാകുമാരി ഏകാംഗ അധ്യാപിക ആയിരുന്നത്. മുമ്പ് പഠിപ്പിച്ച് വിട്ട കുട്ടികളുടെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കാനുള്ള ഭാഗ്യവും ഉഷാകുമാരിക്കുണ്ടായി. കഴിഞ്ഞ ദിവസം തൂപ്പുജോലിക്ക് കയറിയ ഉഷാ കുമാരിക്ക് പക്ഷെ സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കില്ല.

ഇത്രയും കാലം പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് നിരവധി ആളുകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ കഷ്ടപ്പെട്ട ഇവര്‍ക്ക് പക്ഷെ ആകെ അഞ്ച് വര്‍ഷത്തെ സര്‍വീസ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. കുറഞ്ഞത് 20 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമേ പെന്‍ഷന് അര്‍ഹതയുള്ളു. ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തതിന് പെന്‍ഷന്‍ കിട്ടുന്ന അവസ്ഥയെങ്കിലും ഉണ്ടാക്കി തരണമെന്ന് മാത്രമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

“എന്റെ മക്കളെ പോലും വേണ്ടവിധം നോക്കാന്‍ കഴിഞ്ഞ 24 വര്‍ഷത്തിനിടെ സാധിച്ചിരുന്നില്ല. ജോലിക്ക് കയറിയ അന്ന് മുതല്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൊടും കാട്ടില്‍ ജോലി ചെയ്തിട്ടും തൂപ്പുജോലിയാണ് കിട്ടിയത് എന്നതില്‍ എനിക്ക് സങ്കടമൊന്നുമില്ല.

കുന്നും പുഴയും കടന്ന് പഠിപ്പിക്കാനെത്തുന്ന സ്ഥലത്തെ കുട്ടികള്‍ക്കുള്ള പച്ചക്കറികളും പാലും മുട്ടയും പുസ്തകങ്ങളുമൊക്കെ ചുമന്നുകൊണ്ടാണ് പോയിരുന്നത്. ആനയും കടുവയും ഒക്കെയുണ്ടായിരുന്ന കാട്ടില്‍ അന്ന് വലിയ ആക്രമണങ്ങളൊന്നും മൃഗങ്ങളില്‍ നിന്നുണ്ടായിട്ടില്ല. പക്ഷെ എന്റെ മക്കള്‍ പറയുമായിരുന്നു, സ്വന്തം മക്കളെക്കാള്‍ അമ്മയ്ക്ക് കാട്ടിലെ മക്കളോടാണ് സ്‌നേഹമെന്ന്. അത് ശരിയായിരുന്നുതാനും. അവരെയൊക്കെ ഇനി എന്നും കാണാനാകില്ലല്ലോ എന്നത് മാത്രമാണ് എന്റെ വിഷമം”, ഉഷാകുമാരി പറയുന്നു.

“തൂപ്പുജോലിയാണ് കിട്ടിയതെന്നതില്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. കാടും മലയും കയറി പോയിരുന്ന എനിക്ക് അതൊക്കെ വെച്ചുനോക്കുമ്പോള്‍ ഇപ്പോഴിതൊക്കെ നിസാര ജോലികളാണ്. പക്ഷെ പ്രായമാവുമ്പോള്‍ മക്കളുടെ മുന്നില്‍ ആവശ്യങ്ങള്‍ക്ക് ചെല്ലുന്നതിനേക്കാള്‍ നല്ലത് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്ന കാലം വരെ ആരെയും ആശ്രയിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് എന്നതാണ് എന്റെ നിലപാട്” ഉഷാകുമാരി കൂട്ടിച്ചേർത്തു

“ഏകാംഗ വിദ്യാലയങ്ങള്‍ അടച്ചപ്പോഴും ഞങ്ങളെ വഴിയാധാരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല, അക്കാര്യത്തില്‍ എന്നും നന്ദിയുണ്ടാകും. ആരോടും പറഞ്ഞിരുന്നില്ല ഇക്കാര്യം. ആരോടും ഒന്നും പറയണ്ട എന്നൊക്കെ കരുതിയാണ് പേരൂര്‍ക്കടയിലേക്ക് ചോദിച്ച് വന്നത്. പക്ഷെ മാധ്യമങ്ങളിലൂടെ പറഞ്ഞും കേട്ടും ഇപ്പോള്‍ ആളുകള്‍ ഓരോന്നു പറയുമ്പോള്‍ സങ്കടം വരാറുണ്ട്. അധ്യാപന വൃത്തി ചെയ്ത ഒരാള്‍ക്ക് വന്ന ഗതിയെന്നൊക്കെ ആളുകള്‍ പറയും. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല”, ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

അന്നൊക്കെ ടിടിസി യോഗ്യത മാത്രമായിരുന്നു ഏകാംഗ അധ്യാപകര്‍ക്കുള്ളയോഗ്യത. അതിനാല്‍ അതിനനുസരിച്ചുള്ള ജോലിയെങ്കിലും നല്‍കുമെന്നായിരുന്നു ഇവരെല്ലാം പ്രതീക്ഷിച്ചിരുന്നത്. ഉഷ പിന്നീട് സ്വയം പഠിച്ച് ബിരുദം നേടുകയും ചെയ്തു. വിദ്യാഭ്യാസ യോഗ്യത ഉയര്‍ന്നപ്പോള്‍ ജോലി തരം താഴ്ത്തപ്പെട്ടെങ്കിലും ഇപ്പോള്‍ ശമ്പളം കൃത്യമായി ലഭിക്കുമെന്ന് ആശ്വസിക്കാം.

മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്കും ഞങ്ങളെ സഹായിക്കാന്‍ അവസരമുണ്ടായിരുന്നു. ആരും അതൊന്നും ചെയ്തില്ല.വീട്ടില്‍ ഒരുപാട് വിഷമങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അന്നത്തെ ചോരത്തിളപ്പില്‍ പലരും ഉപേക്ഷിച്ചു പോയ ജോലി ചെയ്യാന്‍ മുന്നോട്ടു പോയത്. അന്ന് കഷ്ടപ്പെട്ടതൊക്കെ കൊണ്ട് ഇന്ന് കാലിന്റെ മുട്ടിന് നീരും മറ്റുമാണ്. ഇന്‍ഹേലര്‍ ഉപയോഗിച്ചാണ് രണ്ട് മാസം മുമ്പ് വരെ ജോലിക്ക് പോയിരുന്നതെന്നും ഉഷ ടീച്ചര്‍ പറയുന്നു.