വിജയ് ബാബു ഒളിവില്‍ കഴിയുന്നത് ഉന്നതന്റെ സംരക്ഷണത്തില്‍; നടിയുടെ അമ്മയേയും ഭീഷണിപ്പെടുത്തി
സ്വന്തം ലേഖിക
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലെന്ന് സൂചന.
നടന്റെ പാസ്‌പോര്‍ട്ട് നേരത്തെ റദ്ദാക്കിയിരുന്നു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണമുണ്ടെങ്കില്‍ ഇന്റര്‍പോളിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാം. എന്നാല്‍ ഉന്നത സ്വാധീനമുള്ളതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 30ന് നാട്ടിലെത്തുമെന്ന് വിജയ് ബാബു നേരത്തെ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെങ്കില്‍ നടന്‍ നാട്ടിലെത്തണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് തിങ്കളാഴ്‌ച കൊച്ചിയില്‍ മടങ്ങിയെത്താനുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയത്. എന്നാല്‍ ഹര്‍ജിയില്‍ വാദം തിങ്കളാഴ്‌ചയും തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് റദ്ദാക്കി, യാത്ര നീട്ടിവയ്ക്കുമോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്.
അതേസമയം, ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഏപ്രില്‍ 19നാണ് നടന്‍ നടിയുടെ അമ്മയെ വിളിച്ചത്. കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് വിദേശത്തേക്ക് കടന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഏപ്രില്‍ 22നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പലവട്ടം വിജയ് ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പരാതി. എന്നാല്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് നടന്റെ വാദം.