ഫ്ലെക്സ് ബോര്‍ഡില്‍ ഫോട്ടോ ഉപയോഗിച്ചത് തന്റെ അനുമതിയില്ലാതെ ;സിപിഐക്കെതിരെ നടപടിക്കൊരുങ്ങി മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ യുവതി
സ്വന്തം ലേഖിക
തൃശ്ശൂര്‍: അനുമതിയില്ലാതെ തന്റെ ഫോട്ടോ ഫ്ലെക്സ് ബോര്‍ഡില്‍ ഉപയോഗിച്ചതിന്റെ പേരില്‍ സിപിഐക്കെതിരെ മോഡല്‍.
മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ അശ്വതി വിപുല്‍ ആണ് സിപിഐക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. സി.പി.ഐ കുന്നംകുളം മണ്ഡലം സമ്മേളനത്തിന്റെ ഫ്ലെക്സ് ബോര്‍ഡിലാണ് അശ്വതി കറ്റയേന്തി നില്‍ക്കുന്ന ചിത്രം അനുമതി ഇല്ലാതെ ഉപയോഗിച്ചത്.
സംഭവത്തില്‍ വക്കീല്‍ നോട്ടീസ് അയക്കാനാണ് അശ്വതിയുടെ തീരുമാനം. ചിത്രം ഉപയോഗിക്കുന്നതിന് മുൻപ് അനുമതി വാങ്ങിയിട്ടില്ലെന്നും ഒരു സുഹൃത്ത് വിളിച്ചപ്പോഴാണ് ഈ ഫ്ലെക്സിനെ കുറിച്ച് താന്‍ അറിഞ്ഞതെന്നും അശ്വതി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാളുടേയും അനുമതി ഇല്ലാതെ അവരുടെ ഫോട്ടോ ഉപയോഗിക്കാന്‍ പാടില്ല. ഈ രീതി തെറ്റാണ്. ഇനി ഒരു സ്ത്രീക്കും ഈ അനുഭവം വരാന്‍ പാടില്ല എന്നത് കൊണ്ടാണ് നിയമപരമായി നേരിടുന്നതെന്നും അശ്വതി പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തൃക്കാക്കര പോലീസിനെ ബന്ധപ്പെട്ടിരുന്നു. സെക്ഷ്വല്‍ അബ്യൂസ് ആണെങ്കിലേ കേസ് എടുക്കാന്‍ കഴിയൂ എന്നാണ് പോലീസില്‍ നിന്നും കിട്ടിയ മറുപടി പോലീസിന്റെ ഈ സമീപനത്തിന് പിന്നില്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. അഭിഭാഷകനെ കണ്ട ശേഷം പാര്‍ട്ടിക്ക് നോട്ടീസ് അയക്കും.
ഞാന്‍ ഒരു പാര്‍ട്ടിയുടേയും അനുഭാവി അല്ല. മാനനഷ്ടമല്ല ഈ കേസില്‍ വേണ്ടത്. അനുമതി ഇല്ലാതെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന രീതി മാറണം എന്ന ഉദ്ദേശമേ തനിക്കുള്ളൂ. പ്രതിഷേധമറിയിച്ചിട്ടും പാര്‍ട്ടിയില്‍നിന്ന് ആരും തന്നെ വിളിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അശ്വതി വിപുല്‍ പറയുന്നു.
പെണ്‍കുട്ടികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് അല്ലെങ്കില്‍ മോഡലാണ് എന്നൊക്കെ കേള്‍ക്കുമ്ബോള്‍ മറ്റെന്തോ ആണെന്നും മോശക്കാരാണെന്നുമുള്ള രീതിയിലാണ് പലരും കാണുന്നത്. സമൂഹത്തിന്റെ ഈ സമീപനം തന്നെ മാറണം എന്നും അശ്വതി വിപുല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സംഭവത്തില്‍ സി.പി.ഐ. വേലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ വിശദീകരണം ഇങ്ങനെ: വാട്സ്‌ആപ്പില്‍ ഗുഡ്മോണിങ് മെസേജ് ആയി വന്ന ചിത്രമായിരുന്നു. കറ്റയേന്തിയ കര്‍ഷകസ്ത്രീയുടെ ഫോട്ടോ ആയതുകൊണ്ടാണ് ഫ്ലെക്സ് ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ളത്. അവര്‍ മോഡലാണെന്ന് അറിയില്ലായിരുന്നു.
അശ്വതി എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ ഫ്ലെക്സുകള്‍ പിന്‍ലിച്ചിട്ടുണ്ടെന്നും ചിത്രം ഉപയോഗിക്കും മുമ്ബ് അനുമതി വാങ്ങണമെന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നും സി.പി.ഐ. വേലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സതീശന്‍ പറഞ്ഞു.