23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലയുയരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനി നഗരത്തിലെങ്ങും ലോകസിനിമകാഴ്ചകളുടെ വസന്തക്കാലം. 23-ാമത് അന്താരാഷട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലയുയരും. ഏഴുദിവസം 13 തിയേറ്ററുകളിലായി 72 രാജ്യങ്ങളിൽനിന്നുള്ള 164 സിനിമകളാണ് പ്രദർശനത്തിനൊരുങ്ങുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6-ന് നിശാഗന്ധിയിൽ ഉദ്ഘാടനച്ചടങ്ങ് നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് മേള. ചലച്ചിത്ര അക്കാദമി ഡെലിഗേറ്റ് പാസ് നൽകിയും സ്പോൺസർഷിപ്പിലൂടെയുമാണ് മേളയ്ക്കായുള്ള ചെലവ് കണ്ടെത്തുന്നത്. ഇതിനായി ഡെലിഗേറ്റ് പാസ് 2000 രൂപയായി ഉയർത്തിയിരുന്നു. ഏഴായിരം പാസുകളാണ് ഇത്തവണ വിറ്റുപോയത്. കഴിഞ്ഞതവണ 12000 പേരാണ് ഡെലിഗേറ്റായി രജിസ്റ്റർ ചെയ്തിരുന്നത്. കൂടുതൽ ആളുകളെ മേളയുടെ ഭാഗമാക്കുന്നതിനായി 1000 രൂപയ്ക്ക് ത്രിദിന പാസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരശ്ശീലയിൽ ലോകത്തിലെ മികച്ച ചിത്രങ്ങളെത്തിച്ച് കാഴ്ചപ്പൂരത്തിന് ആർഭാടമൊരുക്കാൻ ശ്രമിക്കുകയാണ് ചലച്ചിത്ര അക്കാദമി.
ടാഗോർ തിയേറ്ററാണ് മേളയുടെ പ്രധാനവേദിയാകുന്നത്. സംവിധായകരുമായുള്ള മുഖാമുഖം, ഓപ്പൺ ഫോറം തുടങ്ങിയ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിശാഗന്ധിയുൾപ്പെടെ 13 തിയേറ്ററുകളിലാണ് പ്രദർശനം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഡെലിഗേറ്റുകൾ എത്തിത്തുടങ്ങിയതോടെ തലസ്ഥാനത്ത് മേളയുടെ ഉത്സവത്തിന് കൊടിയേറിക്കഴിഞ്ഞു. സിനിമാപ്രേമികൾക്ക് ചലച്ചിത്രമേള കൂട്ടായ്മകളുടെയും ആഘോഷത്തിന്റെയും വേദികൂടിയാണ്. വെള്ളിയാഴ്ച രാവിലെ 9 മുതൽ എല്ലായിടത്തും പ്രദർശനങ്ങളാരംഭിക്കും. ഇത്തവണ ചലച്ചിത്രമേളയ്ക്കായി തിയേറ്ററുകളിൽ ക്യൂ നിൽക്കേണ്ടിവരില്ല. റിസർവേഷൻ നടത്താത്തവർക്കായി കൂപ്പൺ സംവിധാനം ഏർപ്പെടുത്തും. പ്രദർശനം തുടങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപ് അതത് തിയേറ്ററുകളിൽ കൂപ്പൺ വിതരണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group