
തകർന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചുയർത്തി പുജാര; 16-ാം സെഞ്ചുറി; 5000 റൺസ് പിന്നിട്ടു
സ്വന്തം ലേഖകൻ
അഡ്ലെയ്ഡ്: തകർന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചുയർത്തി ചേതേശ്വർ പുജാര. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പുജാരയ്ക്കു സെഞ്ചുറി. ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി മാറിയ പുജാര 242 പന്തിൽ 117 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. ടെസ്റ്റിൽ തന്റെ 16-ാം സെഞ്ചുറിയാണ് പുജാര അഡ്ലെയ്ഡിൽ കുറിച്ചത്. ഓസീസിനെതിരേ മൂന്നാമത്തേതും. ഇതിനിടെ ടെസ്റ്റിൽ 5000 റൺസ് എന്ന നാഴികക്കല്ലും പുജാര പിന്നിട്ടു. 108 ഇന്നിംഗ്സുകളിൽനിന്നാണ് പുജാരയുടെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന 12-ാമത് ഇന്ത്യൻ ബാറ്റ്സ്മാനാണു പുജാര. പുജാര സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ തകർച്ചയെ നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 237/8 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. ഇന്ത്യൻ സ്കോർ മൂന്നിൽനിൽക്കെ കെ.എൽ.രാഹുൽ (2) ജോഷ് ഹെയ്സൽവുഡിന് ഇരയായി മടങ്ങി. പൃഥ്വി ഷായ്ക്കു പകരം ഓപ്പണർ സ്ഥാനത്ത് എത്തിയ മുരളി വിജയ് (11) സ്റ്റാർക്കിനു മുന്നിൽ വീണു. ഏറെ പ്രതീക്ഷകളുമായി എത്തിയ നായകൻ വിരാട് കോഹ്ലി (3) യുടെ ഊഴമായിരുന്നു പിന്നീട്. പാറ്റ് കമ്മിൻസിന്റെ പന്തിൽ ഉജ്ജ്വല ക്യാച്ചിലൂടെ ഉസ്മാൻ ഖവാജയാണ് കോഹ്ലിയെ മടക്കിയത്. മോശം ഷോട്ടിന് ക്ഷണിച്ച് അജിൻക്യ രഹാനെ (13) യും പവലിയനിൽ തിരിച്ചെത്തി.
ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന ചേതേശ്വർ പുജാരയ്ക്കൊപ്പം ഏകദിനത്തിലെ ഹിറ്റ്മാൻ രോഹിത് ശർമ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ ഇന്ത്യ ആശ്വസിച്ചു. എന്നാൽ അമിത ആക്രമണോത്സുകത അദ്ദേഹത്തിനു വിനയായി. നഥാൻ ലിയോണിനെ തുടർച്ചയായി സിക്സറിനു പറത്താനുള്ള രോഹിതിൻറെ ശ്രമം മാർക്വസ് ഹാരിസിന്റെ കൈകളിൽ ഒതുങ്ങി. 37 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഋഷഭ് പന്ത് (25), അശ്വിൻ (25) എന്നിവർക്ക് പുജാരയ്ക്കൊപ്പം കൂട്ടുകെട്ടിനായെങ്കിലും മികച്ച തുടക്കം മുതലാക്കാനായില്ല. ഇഷാന്ത് ശർമയെ സ്റ്റാർക് മടക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചു റൺസുമായി മുഹമ്മദ് ഷാമിയാണ് പുജാരയ്ക്കു കൂട്ട്. ഓസീസിനായി ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.