play-sharp-fill
എയ്ഡ്‌സ് ബാധിച്ച യുവതി ആത്മഹത്യ ചെയ്ത മുപ്പതേക്കർ വിസ്തൃതിയിലുള്ള കുളം വറ്റിക്കാനൊരുങ്ങി നാട്ടുകാർ

എയ്ഡ്‌സ് ബാധിച്ച യുവതി ആത്മഹത്യ ചെയ്ത മുപ്പതേക്കർ വിസ്തൃതിയിലുള്ള കുളം വറ്റിക്കാനൊരുങ്ങി നാട്ടുകാർ

സ്വന്തം ലേഖകൻ

ബെംഗളൂരു: എയ്ഡ്‌സ് ബാധിച്ച യുവതി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് കുളം വറ്റിക്കാനൊരുങ്ങി നാട്ടുകാർ. രോഗം പകരുമെന്ന ഭീതിയിൽ നാട്ടുകാർ കുളത്തിലെ വെളളം കുടിക്കില്ലെന്ന് അധികൃതരോട് വ്യക്തമാക്കി. കുളം വറ്റിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കർണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് നവംബർ 29 ന് മീനുകൾ പാതി തിന്ന നിലയിൽ കുളത്തിൽ നിന്ന് യുവതിയുടെ മൃതശരീരം കണ്ടെടുത്തത്. ഇതോടെ നാട്ടുകാർ വെളളം കുടിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു. കുളത്തിൽ എയ്ഡ്‌സ് വൈറസ് അവശേഷിക്കന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതർ കുളം വറ്റിച്ചില്ലെങ്കിൽ നട്ടുകാർ ചേർന്ന് ആ പ്രവൃത്തി ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് . ഇതോടെ കുളം വറ്റിക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. എന്നാൽ പ്രദേശവാസികളുടെ ആശങ്കക്ക് പിന്നിൽ അടിസ്ഥാനമില്ലെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ആൻറ് കമ്മ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോക്ടർ നാഗരാജ് പറഞ്ഞു. താപനില 25 ഡിഗ്രിയിൽ കൂടുതൽ ആയിരിക്കുമ്പോൾ വെള്ളത്തിൽ ആറ് മണിക്കൂറിൽ കൂടുതൽ വൈറസിന് അതിജീവിക്കാൻ കഴിയില്ല. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചിട്ട് ആറ് ദിവസം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും കണക്കിലെടുത്ത് കുളം വറ്റിച്ച് മറ്റൊരു കനാലിൽ നിന്ന് വെളളം നിറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.