‘പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക’; ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകൻ
തൃശൂര്‍: ജ്വല്ലറി വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ബോബി ചെമ്മണ്ണൂരിന്റെ ലൈംഗീക അതിക്രമ പരാമര്‍ശം വിവാദത്തില്‍.
കോളേജ് പഠനകാലത്ത് തൃശൂര്‍ പൂരം ആസ്വദിച്ചിരുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും (ഒരു ലൈംഗീക അതിക്രമ രീതിയെ പറയുന്ന വാക്ക്) വേഷം മാറല്‍ വീഡിയോയുടെ വിവരണത്തില്‍ ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്. ഇത്തവണ അത് ചെയ്തില്ലെന്നും ക്ഷാമമില്ലാത്തതുകൊണ്ടാണെന്നും വ്യവസായി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്
”മൈ ഡിയര്‍ ഫ്രണ്ട്‌സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്‌സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്‌സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.’
വ്യവസായിയുടെ പരാമര്‍ശത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ബോബി ചെമ്മണ്ണൂര്‍ ‘സത്യസന്ധവും ധീരവുമായ തുറന്നുപറച്ചില്‍’ നടത്തിയെന്ന തരത്തിലാണ് ഒരു വിഭാഗമാളുകള്‍ കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നത്. പൂരപ്പറമ്പില്‍ തങ്ങളും ഇത് ചെയ്തിട്ടുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്തു. എന്നാല്‍ വ്യവസായിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ബോബി ചെമ്മണ്ണൂര്‍ താന്‍ ചെയ്ത ഒരു ലൈംഗീക അതിക്രമത്തേക്കുറിച്ച് വീമ്പിളക്കിയെന്നും ഗുരുതരമായ ഒരു കുറ്റകൃത്യത്തെ നിസ്സാരവല്‍ക്കരിച്ചെന്നും ചൂണ്ടിക്കാട്ടി പ്രതികരണങ്ങള്‍ വന്നു. പൂരപ്പറമ്പില്‍ ഇത്തവണ ലൈംഗീക അതിക്രമം നടത്താതിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുമെന്ന് കരുതിയല്ലേയെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ചോദിച്ചു. പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ടെന്നും തനിക്ക്’ അനുഭവമുണ്ടെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ മറുപടി.