ഫയൽ നീക്കം ഇഴയുന്നതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി;സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയും വേഗത്തിൽ ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം
സ്വന്തം ലേഖിക
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രത്തിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയും വേഗത്തിൽ ഹാജരാക്കാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. 44 വകപ്പുകളിലായി 20000 ഫയലുകളാണ് ഒരു മാസം ഭരണസിരാ കേന്ദ്രത്തിലേക്കെത്തുന്നത്. ഇതിൽ പകുതിയോളവും വസ്തു വ്യവഹാരവും കെട്ടിട നിർമ്മാണ തർക്കങ്ങളും അപ്പീലുകളുമാണ്. ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ ഇതിൽ 20 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അദാലത്തുകൾ നടത്തിയും പരമാവധി ഇ സേവനങ്ങൾ നടത്തിയും പ്രശ്നപരിഹാരത്തിന് വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്. വൈകാതെ തന്നെ മുഖ്യമന്ത്രിക്ക് മുന്നിൽ ഇതിന്റെ ഫയലുകളെത്തും. തിടുക്കപ്പെട്ട അദാലത്തുകൾ ഉടൻ ഉണ്ടാകുമെന്നാണ് പുതിയ നടപടികളിലൂടെ വ്യക്തമാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡാഷ് ബോർഡ് സംവിധാനം അടിയന്തരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസുകളെയും ഓൺലൈനാക്കാനുള്ള നീക്കങ്ങളും ഇപ്പോൾ പുരോമഗിക്കുകയാണ്. ഇതിനുള്ള നിർദേശവും ചീഫ് സെക്രട്ടറി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രശസ്തമായ പ്രസംഗത്തില്‍ ഓരോ ഫയലും ഓരോ ജീവിതമാണെന്നും അത് എത്രയും വേഗം തീർപ്പാക്കണമെന്നും പറഞ്ഞിരുന്നു.