“ചാരിറ്റി വിത്ത് ക്ലാരിറ്റി”രോഗികൾക്കും നിർദ്ധനർക്കും ആശ്വാസമേകാൻ ഒരു ചെകുത്താന് മാലാഖയെപ്പോലെ എത്തി
സ്വന്തം ലേഖിക
കോട്ടയം :ഇന്ന് രാവിലെയും നീതു വിളിച്ചു, അവള്‍ക്ക് ആശുപത്രിയില്‍ പോകേണ്ട ദിവസമടുത്തെന്ന് ഓര്‍മ്മിപ്പിക്കാന്‍. പത്ത് വയസ് മുതല്‍ ശരീരത്തെ കാര്‍ന്നു തിന്നുന്ന രോഗത്തോട് മല്ലിടുന്ന കുഞ്ഞാണ്. ഇപ്പോള്‍ 26 വയസ്..! കഴിഞ്ഞ പതിനാറ് വര്‍ഷമായി ആശുപത്രിയിലേക്കായിരിക്കണം നീതു ഏറ്റവുമധികം യാത്ര ചെയ്തിട്ടുള്ളത്. ഇക്കണ്ട കാലമത്രയും ആരെയും ആശ്രയിക്കാതെ അവളെ പൊന്നുപോലെ നോക്കിയത് അച്ഛനും അമ്മയും തന്നെയാണ്.
വാസന സോപ്പ് വീടുകളില്‍ കൊണ്ടുപോയി വിറ്റും മറ്റ് ജോലികളെടുത്തും ഏറ്റവും ഭംഗിയായി മകളുടെ ചികിത്സയ്ക്കും വീട്ടുചിലവിനും ഇളയകുട്ടിയുടെ പഠനത്തിനുമുള്ള മാര്‍ഗം കണ്ടെത്തിയിരുന്ന നീതുവിന്റെ അച്ഛന്, സ്ട്രോക്ക് വന്നതിന് ശേഷം അതിജീവനത്തിന്റെ താളം തെറ്റി. ഒരു സര്‍ജറി കഴിഞ്ഞിരിക്കുന്നതിനാല്‍ നീതുവിന്റെ അമ്മയ്ക്കും സാമ്പത്തികമായി കുടുംബത്തെ പിന്തുണയ്ക്കാനുള്ള സാഹചര്യമില്ല. 2020ല്‍ തലച്ചോറിനുള്ളില്‍ ബ്ലീഡിംഗ് ഉണ്ടായതിന് ശേഷം നീതുവിന്റെ ശാരീരികമായ അസ്വസ്ഥകള്‍ കൂടിക്കൂടി വന്നു. ഇതിനിടയില്‍ രണ്ട് തവണയിലധികം ഫിക്സ് വന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ് കായംകുളം നീറിക്കാട് സ്വദേശിനിയായ നീതു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിലപ്പോഴൊക്കെ, ചില മനുഷ്യരെ വല്ലാത്ത കുത്തിറക്കങ്ങളിലേക്കും നട്ടംകറക്കി ഇല്ലാതാക്കുന്ന ചുഴികളിലേക്കും ജീവിതം തള്ളിയിടാറുണ്ട്. സഹജീവികളുടെ കൈത്താങ്ങില്ലാതെ തിരിച്ചുകയറാന്‍ കഴിയാത്ത ഭീകരമായ അവസ്ഥ, ചിലര്‍ക്കത് ആത്മാഭിമാനത്തെ മെഴുകുപോലെ ഉരുക്കുന്ന കാലം കൂടിയാണ്. അത്തരം ജീവിതങ്ങളിലേക്കാണ് പല നന്മമരങ്ങളും ചാരിറ്റിയുടെ പേരും പറഞ്ഞ് അവരുടെ അനുവാദം പോലും വാങ്ങാതെ ലൈവായി ഇടിച്ചു കയറുന്നത്. മോശം അവസ്ഥ വീണ്ടും വീണ്ടും അവരെക്കൊണ്ട് തന്നെ പലവുരു പറയിപ്പിച്ച്, കരയിപ്പിച്ച്, ക്യാമറയ്ക്ക് മുന്നില്‍ കൈകൂപ്പി സഹായം അഭ്യര്ത്ഥിപ്പിച്ച്… എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ്..?
ഭൂരിഭാഗം കേസുകളിലും രോഗിയുമായോ, രോഗിയുടെ ബന്ധുവുമായോ രേഖാപരമായി ഒരു കരാറുണ്ടാക്കിയ ശേഷമാകും ചാരിറ്റി നന്മ മരങ്ങള്‍ ലൈവ് വരുന്നതും വിഷയം പോസ്റ്റ് ചെയ്യുന്നതും. ചികിത്സക്കായി എത്തുന്ന പണത്തില്‍ നിന്ന് നിശ്ചിത തുക കഴിഞ്ഞുള്ളത് ചാരിറ്റിക്കാരനാണ്. ഇതിന്റെ ഭാഗമായി പ്രോമിസറി നോട്ടുണ്ടാക്കി ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കും. കൃത്യമായ കണക്കും ഓഡിറ്റിംഗും ഭൂരിഭാഗം കേസുകളിലും ഇല്ല. പത്ത് ലക്ഷം രൂപ ആശുപത്രി ചെലവ് വരുന്ന രോഗിയുടെ അക്കൗണ്ടില്‍ പലപ്പോഴും അതിലധികം തുക എത്തും(സെലിബ്രിറ്റി നന്മ മരങ്ങള്‍ ഇടപെടുന്ന കേസുകളില്‍ മാത്രം). അധികമായി ലഭിക്കുന്ന തുക മറ്റു രോഗികള്‍ക്കായി നല്‍കുമെന്നാണ് പറച്ചിലെങ്കിലും ഇതിന്റെയൊന്നും വിവരങ്ങള്‍ പലരും വെളിപ്പെടുത്താറില്ല. ചുരുക്കി പറഞ്ഞാല്‍, ചികിത്സക്കാവശ്യമുള്ള പണം നല്കി കഴിഞ്ഞാല്‍ ബാക്കി തുക സ്വന്തം കീശ വീര്പ്പിക്കാനുള്ളതാണ്. പിന്നെ ലക്ഷ്വറി വീടായി, ഇന്നോവയില്‍ സഞ്ചാരമായി, സെലിബ്രിറ്റി സ്റ്റാറ്റസായി, പോരാത്തതിന് വെള്ളേം വെള്ളേം ഉടുപ്പും..!
ചാരിറ്റി എന്ന പദം തന്നെ തട്ടിപ്പിന് സമാനമാക്കി മാറ്റിയതില്‍ നന്മമരങ്ങള്ക്കുള്ള പങ്ക് ചെറുതല്ല. ജീവനും ജീവിതവും നിലനില്‍ത്താന്‍ മറ്റുള്ളവന്റെ മുന്നില്‍ കൈനീട്ടുന്നവനെയും അധ്വാനത്തിന്റെ ഒരു പങ്ക് ഒപ്പമുള്ളവന് നല്കുന്നവനെയും ഒരുപോലെ പറ്റിക്കുന്ന നാണം കെട്ട കൂട്ടം. ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങുന്നതെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ചോദ്യം ഇന്നും പ്രസക്തമാണ്.
മനുഷ്യന്റെ ഗതികേടിലേക്ക് ഒരു ക്യാമറയും പിടിച്ചിറങ്ങിയാല്‍ ആര്‍ക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ. സത്യാവസ്ഥ പുറത്തറിഞ്ഞ് തുടങ്ങിയതോടെ പല നന്മ മരങ്ങളും ഒതുങ്ങിയെങ്കിലും ദുരിതം ബാക്കിയായത് സഹായം അത്യാവശ്യമായ മനുഷ്യര്‍ക്കാണ്. സഹായം ആവശ്യമുള്ള മനുഷ്യരെ ആത്മാഭിമാനം ഇല്ലാത്തവരായി അവതരിപ്പിച്ചിരുന്നവര്ക്കിടയിലേക്കാണ് ഒരു ചെകുത്താന് മാലാഖയെപ്പോലെ വന്നതും അവരോട് ഏറ്റവും മനോഹരമായി സംവദിക്കുന്ന കാഴ്ച കണ്ടതും. സമൂഹത്തിൽ ചർച്ചാവിഷയമായ ചില കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ തന്റേതായ നിലപാടുകൾ അറിയിച്ചപ്പോൾ ഒരുകൂട്ടം പേർ ചെകുത്താൻ എന്ന് മുദ്രകുത്തിയ ആളാണ് ഈ വ്യക്തി.
നീതുവിന്റെ അവസ്ഥയോര്‍ത്ത് അകം പൊള്ളിയെങ്കിലും അവളുടെ ഒപ്പം നില്‍ക്കുന്നവരെ കണ്ടപ്പോള്‍ അഭിമാനമാണ് തോന്നിയത്. സാഡ് ബിജിഎം ഇടാതെ, അവളെ വേദനിപ്പിക്കാതെ, കൈകൂപ്പി ക്യാമറയ്ക്ക് മുന്നില്‍ നിന്നോളൂ എന്ന് പറയാതെ, ചികിത്സയുടെ കാര്യവും വീട്ടിലെ അവസ്ഥയും സിംപതിയില്‍ പൊതിഞ്ഞ് കരഞ്ഞ് മെഴുകാതെ, എത്ര വ്യക്തമായാണ് കാര്യം അവതരിപ്പിക്കുന്നത്..? ഈ വ്യക്തത തന്നെയാണ് അവരുടെ പ്ലസ് പൊയിന്റും.
ചാരിറ്റി വിത് ക്ലാരിറ്റി എന്ന ട്രസ്റ്റുമായി അവരുടെ തുടക്കം മുതലേ അടുപ്പമുണ്ട്. ആദ്യം അമ്പരന്നത് അവരുടെ വെബ്സൈറ്റ് വിസിറ്റ് ചെയ്തപ്പോഴാണ്. പതിനായിരങ്ങള്‍ വിലവരുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ മുതല്‍ പാരസെറ്റമോളിന്റെ വരെ ബില്ലുണ്ട്. എല്ലാ കണക്കും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. അതായത് പബ്ലിക്കിന് ഓഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റ്.
ഫണ്ട് ഓവര്‍ ഫ്ളോ ഇല്ല എന്നതാണ് അടുത്ത പ്ലസ്. പത്ത് ലക്ഷം രൂപ ചികിത്സാ സഹായമുള്ള രോഗിക്ക് ആ തുക മാത്രമേ അലോട്ട് ചെയ്യുകയുള്ളൂ. കൂടുതല്‍ തുക അക്കൗണ്ടിലെത്തുന്ന സാഹചര്യം ഡൊണേറ്റ് ചെയ്യുന്നവര്‍ക്ക് തന്നെ ഒഴിവാക്കാം. അല്ലെങ്കില്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റൊരു രോഗിക്ക് ആ തുക കൈമാറാം. ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ നല്കിയ അമ്പത് രൂപയ്ക്കും അഞ്ച് ലക്ഷത്തിനും വരെ കൃത്യമായ കണക്ക് ഉണ്ടാകും. അത് നിങ്ങള്‍ക്ക് തന്നെ പരിശോധിക്കുകയും ചെയ്യാം. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പതിനഞ്ച് ലക്ഷം രൂപയിലധികം ചികിത്സാ സഹായം ഏറ്റവും അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാന്‍ ചാരിറ്റി വിത് ക്ലാരിറ്റിക്ക് സാധിച്ചിട്ടുണ്ട്. ലാപ്ടോപും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വേറെയും. ഇത്രയും സുതാര്യമായി എന്റെ അറിവില്‍ മറ്റൊരു ചാരിറ്റി സംഘടനും പ്രവര്‍ത്തിക്കുന്നില്ല.
ചാരിറ്റി വിത് ക്ലാരിറ്റി എന്ന ട്രസ്റ്റിനെ പിന്തുണക്കേണ്ടത് അനിവാര്യതയായ് മാറേണ്ട കാലം കൂടിയാണിത്. കണക്ക് കാണിക്കാന്‍ നിര്‍ബന്ധിതരാകേണ്ട കാലം വന്നാല്‍ മാത്രമേ ചാരിറ്റി മേഖലയിലെ പൊള്ളത്തരങ്ങളെ പുറത്ത് കൊണ്ടുവരാന്‍ കഴിയൂ. സുതാര്യമായും ഈ നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്താമെന്ന് അനുദിനം തെളിയിക്കുന്നുണ്ട് ചാരിറ്റി വിത് ക്ലാരിറ്റി. നിസ്വാര്‍ഥമായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന, സഹജീവിയുടെ കണ്ണീര് വിറ്റ് കീശ വീര്‍പ്പിക്കാത്ത, ജാതിക്കും മതത്തിനും കക്ഷി രാഷ്ട്രീയത്തിനും അതീതമായി മനുഷ്യരെ മനുഷ്യരായി കാണുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, എല്ലാക്കാര്യത്തിലും ക്ലാരിറ്റിയുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ്..!