അധ്യാപകൻ ചമഞ്ഞ് ഓൺലൈൻ ക്ലാസിനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം; ഒരാൾ അറസ്റ്റിൽ;വിദേശത്തായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു
സ്വന്തം ലേഖിക
എടപ്പാൾ : ഓൺലൈൻ ക്ലാസിനെന്ന വ്യാജേന അധ്യാപകൻ ചമഞ്ഞ് ഏഴാം ക്ലാസ് വിദ്യാർഥിനിയുമായി വിദേശത്തിരുന്ന് അശ്ലീല സംഭാഷണം നടത്തിയയാളെ വിമാനത്താവളത്തിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് (44) ആണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാളെ നാട്ടിലേക്കു മടങ്ങുന്നതിനിടെയാണു പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി ചങ്ങരംകുളം പൊലീസ് പറഞ്ഞു.
ഒരു വർഷം മുൻപാണു കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിനിയുടെ വീട്ടിലേക്കു വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്നു പരിചയപ്പെടുത്തുകയായിരുന്നു. പഠനത്തിൽ പുറകിൽ നിൽക്കുന്ന കുട്ടിക്കു പ്രത്യേകം ക്ലാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റിധരിപ്പിച്ചു. തുടർന്നു കുട്ടിയോട് മുറി അടച്ചിടാൻ ആവശ്യപ്പെടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഇയാൾ അശ്ലീലരീതിയിൽ സംഭാഷണം തുടർന്നതോടെ കുട്ടി മാതാവിനോടു വിവരം പറഞ്ഞു. രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് അധ്യാപകർ അത്തരത്തിൽ ക്ലാസ് എടുക്കുന്നില്ലെന്നു മനസ്സിലായത്. തുടർന്ന് സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നിർദേശപ്രകാരം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ ഡോം സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചാണ് വിദ്യാർഥിനിയെ വിളിച്ചതെന്നു കണ്ടെത്തി. പ്രതിയേയും തിരിച്ചറിഞ്ഞു. വിദേശത്തായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസും ഇറക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിമാനമിറങ്ങിയ പ്രതിയെ വിമാനത്താവളത്തിൽ നിന്നാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. എസ്ഐ ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മനാഫിനെതിരെ പാലക്കാട് ജില്ലാ സൈബർ പൊലീസിലും സമാനമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.