സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: റവന്യൂ മന്ത്രിയുടെ ഓഫീസില്‍ കണ്ട്രോള് റൂം ആരംഭിച്ചു; പെരിങ്ങല്‍ക്കൂത്ത് ഡാം തുറന്നു
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: സംസ്ഥാനത്ത് മഴ തുടരുന്നു. അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണെങ്കിലും സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്.
മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറുഡാമുകളില്‍ പലതിലും പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴക്കെടുതികള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ.രാജൻ്റെ ഓഫീസില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് കണ്ട്രോള് റൂമില്‍ വിളിച്ച് സഹായം തേടാം.ബന്ധപ്പെടേണ്ട നമ്പര്‍ – 8078548538
കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങല്‍കുത്ത് ഡാമിൻ്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 420 മീറ്ററാക്കി ക്രമീകരിക്കാനാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ 420.9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങല്‍കുത്ത് ഡാമിൻ്റെ 7 ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 20 cm ഉം മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 30 cm വീതവുമാണ് (ആകെ 80 cm) നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. വൈകീട്ട് 4:30 ന് മൂന്നാമത്തെ ഷട്ടര്‍ 20 cm ഉം നാലാമത്തെ ഷട്ടര്‍ 10 cm ഉംകൂടി (അകെ 110 cm) ഉയര്‍ത്തുമെന്നും സമീപ വാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കനത്തമഴയില്‍ നാട്ടികയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. നാട്ടിക ജുമാ മസ്ജിദിന് സമീപം പതിനാലാം വാര്‍ഡില്‍ വേളുവീട്ടില്‍ നാരായണൻ്റെ ഓടിട്ട വീടാണ് തകര്‍ന്നത്. വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് വീട്ടിലെ തെങ്ങ് കടപുഴകി വീണത്. വീട് ഭാഗികമായി തകര്‍ന്നു. സംഭവ സമയത്ത് വീടിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല.
കണ്ണൂര്‍ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പഴശി ഡാമിന് തീരത്തുള്ളവര്‍ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരോടും മാറിതാമസിക്കാന്‍ നിര്‍ദേശം നല്കി. ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്.
തിരുവനന്തപുരം വര്‍ക്കലയില്‍ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. വെട്ടൂര്‍ ഒന്നാംപാലം തീരദേശറോഡ് കനത്തമഴയില്‍ ഇടിഞ്ഞുവീണു. അപകട സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു.
റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന വൈദ്യുതി പോസ്റ്റുകളും അപകടവസ്ഥയിലാണ്.
അതേസമയം സംസ്ഥാനത്ത് മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ (20-05-2022) എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടായിരിക്കും.
ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ (20-05-2022) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
21-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്
22-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
23-05-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്