ബിജെപിയിൽ ഭിന്നത രൂക്ഷം: ശ്രീധരൻപിള്ളയെ മാറ്റാൻ ആർഎസ്എസ്; അമിത്ഷാ കേരളത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതുൾപ്പെടെ ബി.ജെ.പിയിൽ ഭിന്നത രൂക്ഷം. പി.എസ്.ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റാൻ പാർട്ടിയിലെ ഒരു വിഭാഗം തിരുമാനിച്ചെന്നാണ് സൂചന. ഇതിനായി കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് കേൾക്കുന്നത്.
ശ്രീധരൻ പിള്ളയ്‌ക്കെതിരായ പരാതി വ്യാപകമായതിനെ തുടർന്നാണത്രേ ദേശീയ നേതൃത്വം ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിൽ നാലംഗ എം.പിമാരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചതെന്നും സൂചനയുണ്ട്. സംസ്ഥാന നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട് ഇവർ കൂടിക്കാഴ്ച നടത്തി. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പൂർത്തിയായശേഷം ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. പാർട്ടി സംസ്ഥാന ഘടകത്തിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
കള്ളക്കേസുകൾ ചുമത്തി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സർക്കാർ ജയിലിലടച്ചിട്ടും കാര്യമായ പ്രക്ഷോഭം നടത്താത്തതിന് സംസ്ഥാന പ്രസിഡന്റിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന ബി.ജെ.പി നേതൃയോഗത്തിലും സംസ്ഥാന പ്രസിഡന്റിനെതിരെ വിമർശനം ഉയർന്നിരുന്നു. സുരേന്ദ്രൻ ജയിലിൽ കിടന്ന് ആറുദിവസമായിട്ടും ശ്രീധരൻ പിള്ള കാണാൻ പോകാത്തതും നേരത്തെ വിവാദമായിരുന്നു. യുവതീ പ്രവേശനത്തിനെതിരായല്ല ബി.ജെ.പി സമരം എന്ന പ്രസ്താവനയും യുവമോർച്ച യോഗത്തിലെ ശ്രീധരൻ പിള്ളയുടെ പ്രസംഗവും ശബരിമല സമരത്തിന് തിരിച്ചടിയായെന്നായിരുന്നു ആർ.എസ്.എസ് വിലയിരുത്തൽ. അതേസമയം, ഈ സമയത്ത് നേതൃമാറ്റം നടത്തുന്നത് തെറ്റായ സൂചന നൽകുമോ എന്നആശങ്കയും നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്. മാത്രമല്ല, സംസ്ഥാന പ്രസിഡന്റ് പദവിയിൽ ശ്രീധരൻ പിള്ള എത്തിയിട്ട് അധികകാലമായില്ല. അതിനിടെ നേതൃമാറ്റം ഉണ്ടായാൽ അണികൾക്കിടയിൽ അത് തെറ്റായ സന്ദേശമാകും നൽകുക. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പാർട്ടിക്ക് അത് തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതാക്കൾക്ക് ഇല്ലാതില്ല. അതേസമയം, സംസ്ഥാന ഘടകത്തിൽ ഭിന്നത മൂർച്ഛിക്കുന്നത് ദേശീയ നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group