ശ്രീശാന്ത് ആശുപത്രിയിൽ: ബിഗ്‌ബോസിലും പൊട്ടികരച്ചിൽ: സൽമാൻ ഖാൻ വിമർശിച്ചതിൽ കലിപൂണ്ട് ബാത്ത്‌റൂമിൽ കയറി തല ഭിത്തിയിലിടിച്ച് പൊട്ടിച്ചു
സ്വന്തം ലേഖകൻ
മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ സാക്ഷാൽ സൽമാൻ ഖാനോട് കലി പൂണ്ട് ബാത്ത്‌റൂമിൽ കയറി സ്വന്തം തല ഇടിച്ചു പൊളിച്ച് ശ്രീശാന്ത് ആശുപത്രിയിൽ. ഷോയിൽ സൽമാൻ ഖാന്റെ വിമർശനമാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ശ്രീയെ അവതാരകനായ സല്ലു വിമർശിച്ചത് ഷോക്കായതോടെയാണ് കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേൽപ്പിച്ചത്. ഷോയുടെ സമൂഹമാധ്യമ പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതേത്തുടർന്ന് കുളിമുറിയിൽ കയറിയിരുന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകർ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്.
”ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോൾ ഞാൻ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയിൽ കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി” ഭുവനേശ്വരി ട്വീറ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോയിൽ ശ്രീശാന്തിന്റെ പ്രകടനവും പരാമർശങ്ങളും പലപ്പോഴും വിവാദമായിട്ടുണ്ട്. മറ്റുമത്സരാർഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിൽ ശ്രീയെ അവതാരകനായ സൽമാൻ ഖാൻ മുൻപും വിമർശിച്ചിട്ടുണ്ട്. ഷോയിലെ യഥാർഥ വില്ലൻ എന്നാണ് ഒരിക്കൽ സൽമാൻ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്. സഹമത്സരാർഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവമാണ് സൽമാനെ ചൊടിപ്പിച്ചത്. ഈ ആഴ്ചയിൽ ഹൗസിലെ വില്ലനായി സഹമത്സരാർഥികൾ തെരഞ്ഞെടുത്തത് ദീപകിനെയാണ്. എന്നാൽ യഥാർഥ വില്ലൻ ശ്രീശാന്താണെന്ന് സൽമാൻ ഖാൻ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്നു സൽമാൻ ചോദിച്ചപ്പോൾ വഴക്കിട്ടതല്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തുടർന്ന് രൂക്ഷമായ വിമർശനമാണ് ശ്രീയ്ക്കെതിരെ സൽമാൻ ഉന്നയിച്ചത്.
പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ശ്രീശാന്ത് മറ്റുള്ളവരെ വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി. ബിഗ്ബോസ് മത്സരാർഥികളിൽ കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തിൽ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോർത്തിരുന്നു. ഇഷ്ടമില്ലാത്ത ടാസ്‌ക് ചെയ്യേണ്ടി വന്നാൽ ഷോയിൽ നിന്നു ഇറങ്ങിപ്പോകുമെന്നു ശ്രീശാന്ത് ഭീഷണി ഉയർത്തുകയും ചെയ്തു. ഏഴു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താൻ വിവാഹിതനായെന്ന ശ്രീശാന്തിന്റെ ഷോയിലെ പ്രസ്താവനയും വിവാദത്തിൽ ഇടം നേടിയിരുന്നു. പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുൻകാമുകിയുമായ നികേഷ പട്ടേൽ രംഗത്തെത്തി. 2012 മുതൽ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും ആ കാലയളവിൽ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും നികേഷ പട്ടേൽ തുറന്നടിച്ചു. ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ഷോയിൽ ശ്രീ വികാരഭരിതനായി പൊട്ടിക്കരഞ്ഞിതും വാർത്തയായിരുന്നു.