രജനി സിനിമയിലെ ത്രീ ഡി കണ്ണടവച്ച് തീയറ്ററുകൾ കൊള്ളയടിക്കുന്നത് രണ്ടരക്കോടി: ഒരു മാസം വെട്ടിക്കുന്നത് അരലക്ഷത്തിന്റെ ജിഎസ്ടി; തീയറ്ററുകളുടെ കൊള്ള ത്രീഡി സിനിമകളിൽ നിന്ന്
തേർഡ് ഐ ബ്യൂറോ
കൊച്ചി: രജനികാന്തിന്റെ ഏറ്റവും പുതിയ ത്രീഡി ചിത്രം 2.0 യുടെ ത്രീഡി കണ്ണട വഴി ഒരു മാസം തീയറ്ററുകൾ കൊള്ളയടിക്കുന്നത് രണ്ടരക്കോടി രൂപ. ഈ വകുപ്പിൽ മാത്രം നികുതി വെട്ടിക്കുന്നത് അരലക്ഷം രൂപയുടേതാണെന്നും ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ത്രീഡി കണ്ണടകൾക്ക് തീയറ്ററുകൾ 30 രൂപയാണ് വാടകയായി ഈടാക്കുന്നത്. എന്നാൽ, ഒറ്റ തീയറ്ററു പോലും ഈ കണ്ണടയ്ക്ക് ബിൽ നൽകുന്നില്ല. ടിക്കറ്റ് നിരക്കിനൊപ്പം കണ്ണടയുടെ വാടക കാണിക്കാറുമില്ല. സംസ്ഥാനത്ത് ശരാശരി അൻപത് തീയറ്ററുകളുണ്ടെന്ന കണക്ക് പ്രകാരമാണ് നികുതി വകുപ്പ് കണക്ക് കൂട്ടിയിരിക്കുന്നത്. ഒരു ദിവസം നാല് ഷോയാണ് നടക്കുന്നത്. 150 സീറ്റാണ് ശരാശരി ഒരു തീയറ്ററിലുള്ളത്. ഒരു ഷോ ഹൗസ് ഫുള്ളാണെങ്കിൽ 4500 രൂപയാണ് ബില്ലില്ലാതെ തീയറ്റർ ഉടമയ്ക്ക് ലഭിക്കുന്നത്. നാല് ഷോയും ഹൗസ് ഫുള്ളാണെങ്കിൽ ഒറ്റ ദിവസം 18,000 രൂപ ബില്ലില്ലാതെ തീയറ്റർ ഉടമയ്ക്ക് ലഭിക്കും. ശരാശരി അൻപത് തീയറ്ററുകളിൽ നാല് ഷോയും ഹൗസ് ഫുള്ളാണെങ്കിൽ ഈ വകുപ്പിൽ മാത്രം രണ്ടരക്കോടി രൂപയാണ് തീയറ്ററുകൾക്ക് ബില്ലില്ലാതെ ലഭിക്കുന്നത്. രണ്ടരക്കോടി രൂപയ്ക്ക് ജി.എസ്.ടിയായി 48.6 ലക്ഷം രൂപ നൽകണം. ടിക്കറ്റിനൊപ്പം, ബില്ലില്ലാതെ കണ്ണടയുടെ വാടക ഈടാക്കുന്നതിനാൽ ഈ നികുതിയും വെട്ടിക്കുകയാണ് തീയറ്റർ ഉടമകൾ.
ത്രിഡിയുടെ പേരിൽ വർഷങ്ങളായി തീയറ്ററുകൾ നടത്തുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 30 രൂപ ഗ്ലാസിനു വാടകയായി ഈടാക്കുന്ന തീയറ്ററുകൾ സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇത് തിരികെ വാങ്ങുകയും ചെയ്യും. നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരുന്നു ഇത്തരത്തിൽ നികുതി പിരിച്ചിരുന്നത്. എന്നാൽ, ഇവിടുത്തെ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും കൃത്യമായി കൈക്കൂലി നൽകി തീയറ്ററുകൾ നികുതി വെട്ടിച്ചിരുന്നു. ജിഎസ്ടി വന്നതോടെ ഇതിന് ഒരു അന്ത്യമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇത് ഇപ്പോഴും നിർബാധം തുടരുകയാണെന്നാണ് യന്തിരൻ 2.0 സീറോയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലും വ്യക്തമാകുന്നത്. എന്നാൽ, ഈ നികുതി വെട്ടിപ്പ് തടയാൻ സർക്കാരോ, ജിഎസ്ടി വകുപ്പോ കൃത്യമായ ഇടപെടൽ നടത്തുന്നതുമില്ല.