സ്വന്തം ലേഖകൻ
കൂട്ടിക്കല്‍: മഴക്കാലം അടുക്കുന്നതോടെ വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്ത് നിവാസികള്‍. പ്രളയത്തില്‍ മണലും മാലിന്യവും നിറഞ്ഞ പുല്ലക്കയറിന്റെ ശുചീകരണം രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് ആരംഭിച്ചത്. എന്നാല്‍, ഇത് പ്രഹസനമായിരുന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
ഇതിന് ബലം നല്കുന്ന കാഴ്ചകളാണ് കൂട്ടിക്കല്‍ ചപ്പാത്തില്‍ ഇന്നലെ രാവിലെ കാണാന്‍ സാധിച്ചത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ മഴയില്‍ പുല്ലകയാറില്‍ വിവിധ സ്ഥലങ്ങളില്‍ തങ്ങി കിടന്ന മരങ്ങളും മറ്റു പാഴ്സാധനങ്ങളും ഒഴുകിയെത്തി കൂട്ടിക്കല്‍ ചപ്പാത്തില്‍ ഇടിച്ചു നിന്നതിനെ തുടര്‍ന്നു ചപ്പാത്തിനൊപ്പം ജലനിരപ്പുയര്‍ന്നത് നാടിനെ ആശങ്കയിലാക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബലക്ഷയത്തിലായ പാലം വീണ്ടും അപകടാവസ്ഥയിലേക്ക് മാറുമെന്ന ഭീതിയും നിലനില്ക്കുന്നു. വീണ്ടും ഒരു പ്രളയമുണ്ടായാല്‍ സ്ഥിതി ഗുരുതരമാകുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്കുള്ളത്. രണ്ടുമാസം മുന്‍പ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തിലാണ് പുല്ലകയാര്‍ ശുചീകരണമെന്നതിന് തീരുമാനമായത്.
ഇതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ചു പുഴയുടെ ഒഴുക്കിനു തടസമായതെല്ലാം നീക്കം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, ആറ്റില്‍നിന്നും മണലൂറ്റിന് മാത്രമായി പഞ്ചായത്തുകള്‍ താത്പര്യമെടുത്തത് ശുചീകരണം കാര്യമായി നടക്കാതെ പോകാനിടയാക്കി. മണല്‍ ഊറ്റലിനു സൗകര്യപ്രദമായതെന്നു കണ്ടെത്തിയ ചപ്പാത്തു ഭാഗത്തുനിന്നും മാത്രമായി ശുചീകരണം ആദ്യഘട്ടം ഒതുങ്ങിയതായി ആക്ഷേപം ശക്തമായിരിക്കുകയാണ്.
പുല്ലകയാര്‍ ശുചീകരണത്തിനായി ഇറിഗേഷന്‍ വകുപ്പ് നല്കിയ 25 ലക്ഷം രൂപ മുടക്കി വാരി കൂട്ടിയ മണലും ചരലും ലേലം ചെയ്യുന്നതിന്റെ പേരില്‍ റവന്യു വകുപ്പും പഞ്ചായത്തും രണ്ട് തട്ടില്‍ എന്ന ആരോപണം. കൊക്കയാര്‍ പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റിലാണ് ലോഡ് കണക്കിനു മണലും ചരലും വാരി കൂട്ടിയിരിക്കുന്നത്.
ചപ്പാത്തു ഭാഗത്തുനിന്നും വാരിയെടുത്ത മണല്‍ ഇവിടെയും കൂട്ടിക്കല്‍ സ്കൂള്‍ ഗ്രൗണ്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയില്‍ വാരികൂട്ടിയ മണലുകള്‍ നഷ്ടപ്പെട്ടു തുടങ്ങി.
ലക്ഷകണക്കിനു രൂപ വിലമതിക്കുന്ന മണലും ചരലും ഉരുളന്‍ കല്ലുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇത് ലേലം ചെയ്തു ലഭിക്കുന്ന തുക പഞ്ചായത്തിനും റവന്യു വകുപ്പിനുമാണ്. എന്നാല്‍, മണല്‍ ലേലം ചെയ്യുവാന്‍ പഞ്ചായത്ത് തയാറാകുന്നില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. ലേലം ചെയ്യുന്നതിനുള്ള അനുമതി ഇപ്പോഴാണ് ലഭിച്ചതെന്നും നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.