കേരളത്തിൽ കോംഗോ പനി സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിർദ്ദേശം
സ്വന്തം ലേഖകൻ
തൃശ്ശൂർ: മനുഷ്യരിൽ മരണകാരണമായേക്കാവുന്ന കോംഗോ പനി കേരളത്തിൽ സ്ഥിരീകരിച്ചു. കോംഗോ പനി ബാധിച്ച് ഒരാൾ ചികിത്സ തേടിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. രോഗിയുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുളളത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകൾ വഴിയാണ് കോംഗോ പനി മനുഷ്യരിലേക്ക് പകരുന്നത്. സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധയ്ക്കെതിരെ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ സ്ഥിരീകരണം എന്നത് ആശങ്ക വർധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം 27ാം തിയതി യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികിൽസയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികിൽസയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് 2011ൽ പത്തനംതിട്ട സ്വദേശിക്കും ഇത്തരത്തിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇത് രണ്ടാം തവണയല്ല, ആദ്യമായാണ് എന്നും ആരോഗ്യം വിദഗ്ദ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. രോഗിയിൽ നിന്ന് ശേഖരിച്ച രക്തസാംപിൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകൾ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകൾ വഴിയാണ് രോഗം ഉണ്ടാകുന്നത്. പനി ബാധിച്ചാൽ 40% വരെയാണ് മരണ നിരക്ക്. രോഗം ബാധിച്ച ആളുടെ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമായുണ് രോഗം പകരാം. പനി, പേശികൾക്കുള്ള കടുത്ത വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group