
സ്വന്തം ലേഖിക
കൊച്ചി: തൃക്കാക്കരയില്‍ ചതുഷ്കോണ മത്സരത്തിനുള്ള സാധ്യത ഇല്ലാതെയായി. ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20-ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല. ഇതോടെ ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള നേരിട്ടുള്ള മത്സരമാകും നടക്കുക. ആംആദ്മി പിടിക്കുന്ന വോട്ടുകള്‍ വിജയിയെ നിശ്ചയിക്കുമെന്ന സാഹചര്യമാണ് ഇല്ലാതാകുന്നത്.
ഇത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കൂടുതല്‍ കരുത്താകുമെന്നാണ് വിലയിരുത്തല്‍. ആംആദ്മിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതായിരുന്നു ആലോചനകളില്‍. തൃക്കാക്കരയില്‍ ട്വിന്റ് ട്വന്റിക്ക് പതിനായിരത്തില്‍ അധികം വോട്ടുണ്ട്. ഈ വോട്ടുകള്‍ ഇനി എങ്ങോട്ട് മറിയുമെന്നതാകും നിര്‍ണ്ണായകം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കാക്കരയില്‍ മത്സരിക്കാന്‍ തന്നെ ഇറങ്ങേണ്ടതില്ല എന്ന ആലോചനക്കാണ് ആംആദ്മി പാര്‍ട്ടിയില്‍ മുന്‍തൂക്കം കൂടുതല്‍ കിട്ടിയത്. അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാല്‍ മതിയെന്ന നിലപാടാണ് ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. ട്വന്റി 20 ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കാതിരുന്നാല്‍ ട്വന്റി 20യും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. തൃക്കാക്കരയില്‍ കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ ടെറി തോമസ് 13773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു.
തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി 20 പ്രവര്‍ത്തകരുടെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ കിഴക്കമ്ബലത്ത് നിന്നുള്ള പ്രവര്‍ത്തകരെത്തിയാണ് മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന തീരുമാനം. കിഴക്കമ്ബലത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ വിലയിരുത്തല്‍. ഇവിടെ നടത്തിയ സര്‍വ്വേയും മുന്നേറ്റം പ്രവചിച്ചു. എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നേരിട്ട് മനസ്സിലാക്കി. അവര്‍ പ്രത്യേക സര്‍വ്വേയും നിര്‍ത്തി. ഒരു ജയസാധ്യതയും ഇല്ലെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന തീരുമാനം.
ഡിജിപിയായി വിരമിച്ച ആര് ശ്രീലേഖ അടക്കമുള്ളവരെ തൃക്കാക്കരയിലേക്ക് സ്ഥാനാര്‍ത്ഥിയായി ട്വന്റി ട്വന്റി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ആരും മത്സരിക്കേണ്ടതില്ലെന്ന് കെജ്രിവാള് തീരുമാനിച്ചത്. ‘ചൂല്’ ചിഹ്നത്തില്‍ ആരു മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവില്‍ കെജ്രിവാള് എത്തിയതാണ് നിര്‍ണ്ണായകമായത്. കേരളത്തില്‍ വേണ്ടത് ശക്തമായ സംഘടനാ അടിത്തറയെന്ന് ഡല്‍ഹി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതാണ് തൃക്കാക്കരയില്‍ ചതുഷ്കോണ മത്സരം ഒഴിവാക്കുന്നത്. ഇതിന്റെ നേട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കിട്ടുമെന്ന വിലയിരുത്തലും സജീവമാണ്. എന്നാല്‍ ട്വന്റി ട്വന്റിയുടെ കഴിഞ്ഞ തവണത്തെ പതിനായിരം വോട്ടുകള്‍ എങ്ങോട്ട് വേണമെങ്കിലും മറിയാം. ഇത് ഇടതുപക്ഷത്തിനും പ്രതീക്ഷയാണ്.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാല്‍ നിയമസഭയിലെ എല്‍ഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സില്‍വര്‍ ലൈന്‍ വിഷയം വലിയ ചര്‍ച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സര്‍ക്കാരിന് മുന്നിലുണ്ട്.