
സ്വന്തം ലേഖിക
കൊല്ലം: മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം. കൊല്ലം കടപ്പാക്കടയിലുള്ള കുടുംബവീടായ വയലിൽ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ താഴത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 47 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നു. ഞായറാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വർണമാണ് മോഷണം പോയത്. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ, ഗ്ലാസ് വാതിലുകളും തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ട് നിലയുള്ള വീട്ടിലെ എല്ലാ മുറികളിലും മോഷ്ടാക്കൾ പ്രവേശിച്ചതായി പൊലീസ് അറിയിച്ചു. സാധാരണ ഈ വീട്ടിൽ രാത്രി സമയങ്ങളിൽ ആരും തങ്ങാറില്ല. പകൽ സമയത്ത് മാത്രമേ ഇവിടെ ആളുണ്ടാകൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അർധരാത്രിയോടെ മോഷണം നടന്നതായാണ് സംശയിക്കുന്നത്. ഒന്നിൽ കൂടുതൽ പേർ ചേർന്നായിരിക്കും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് നായ മണം പിടിച്ചശേഷം വീടിന്റെ സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി റോഡ് വരെ പോയി. മോഷ്ടാക്കൾ വാഹനത്തിൽ എത്തിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്.