വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: മാതാപിതാക്കളും കുടുക്കിലേക്ക്; അന്വേഷണം മൈസൂരിലേക്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കാൽക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്, ഓമല്ലൂർ മഞ്ഞനിക്കരയിൽനിന്നു പ്ലസ് ടു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസ് അപ്രതീക്ഷിത വഴിത്തിരിവിൽ. മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കുട്ടിയുടെ മാതാപിതാക്കളും കുടുക്കിലേക്ക്. സാമ്പത്തികവിഷയമാണ് സംഭവത്തിനു പിന്നിലെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ 30-നു രാത്രി പത്തരയോടെയാണു മഞ്ഞനിക്കര കൊല്ലിരേത്ത് സന്തോഷ്-ശൈലജ ദമ്പതികളുടെ മകനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയത്. ദമ്പതികൾ ബംഗളുരുവിലേക്കു പോയ സമയത്തായിരുന്നു സംഭവം. രണ്ടു വാഹനങ്ങളിൽ എത്തിയ ശൈലജയുടെ സഹോദരീ ഭർത്താവ് മുരളീധരൻ (52), മകൻ അവിനാശ് (25), ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ പ്രേംദാസ് (31), ചന്ദ്രശേഖർ (24), ഹനീഫ (33), അലക്സ് ജോൺ (35) എന്നിവരാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുത്തശ്ശി ഓമനയെ മർദ്ദിച്ചശേഷം കഴുത്തിലുണ്ടായിരുന്ന മാല കവർന്നു.
തുടർന്നു സംഘം രണ്ടായി പിരിഞ്ഞു. മുരളീധരൻ ഒരു വാഹനത്തിൽ ഏനാത്തേക്കു പോയി. ഇയാൾ പ്രതിപ്പട്ടികയിലുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. കുട്ടിയുമായി മൈസൂരിലേക്കു പോകുന്നതിനിടെ അവിനാശ് കൂത്താട്ടുകുളത്ത് ഇറങ്ങി. തുടർന്ന്, വിദ്യാർഥിയെ കാറിന്റെ ഡിക്കിയിലിട്ടു കൊണ്ടുപോകുന്നതിനിടെ പെരുമ്പാവൂരിലാണു ക്വട്ടേഷൻ സംഘം പോലീസിന്റെ പിടിയിലായത്. പിന്നീട് അവിനാശിനെയും പിടികൂടി.
സംഭവമറിഞ്ഞു മടങ്ങിയെത്തിയ സന്തോഷിനെയും ശൈലജയേയും പോലീസ് ചോദ്യംചെയ്തിരുന്നു. സാമ്പത്തികത്തർക്കമാണു സംഭവത്തിനു പിന്നിലെന്ന അവിനാശിന്റെ മൊഴി പ്രകാരമായിരുന്നു ചോദ്യംചെയ്യൽ. സന്തോഷിനോട് അവിനാശ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് എന്തിനു വേണ്ടിയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ശൈലജയുടെ സഹോദരഭാര്യയെ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൈസൂരിലാണു സഹോദരനും ഭാര്യയുമെന്നാണു ശൈലജ മൊഴിനൽകിയത്. സഹോദരഭാര്യയെ അഞ്ചു ദിവസത്തിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ജി. സുനിൽകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. സന്തോഷിന്റെ വീടിനു സമീപമുള്ള യുവതിയേയാണു ശൈലജയുടെ സഹോദരൻ വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും മൈസൂരിലാണു താമസം. ഏറെനാളായി ഈ യുവതി നാട്ടിൽ വന്നിട്ടില്ലെന്നാണു പ്രദേശവാസികളുടെ മൊഴി. ഇവരുടെ മാതാവിന്റെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നു. ഇതേപ്പറ്റി അറിയാവുന്ന അവിനാശും മുരളീധരനും, സന്തോഷിനെ ബ്ലാക്മെയിൽ ചെയ്യുകയും പണം നൽകാതിരുന്നപ്പോൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതുമായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group