play-sharp-fill
കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ നൂറനാട് വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം

കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ നൂറനാട് വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം

സ്വന്തം ലേഖകൻ

ആലപ്പുഴ: കായംകുളം നൂറനാട് കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ തുടരുന്നു.


വൈകിട്ട് സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസിടപെട്ട് തടഞ്ഞതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സ്ഥലം സന്ദർശിച്ചിരുന്നു. അദ്ദേഹം മടങ്ങിയതിന് പിന്നാലെ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഐ ഓഫീസിലേക്ക് പ്രകടനം നടത്തി.

എന്നാൽ പൊലീസ് വാഹനം കുറുകെയിട്ട് പ്രകടനം തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി.

ലാത്തിച്ചാർജിൽ ചിതറി ഓടിയ പ്രവർത്തകർ വീണ്ടും തിരിച്ചെത്തിയതോടെ സിപിഐ ഓഫീസിന് സമീപം വീണ്ടും ഉന്തും തള്ളുമുണ്ടായി. ജംഗ്ഷനിലെ എഐവൈഎഫ്, സിപിഐ കൊടിമരങ്ങൾ കോൺഗ്രസുകാർ പിഴുത് മാറ്റി.

കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതാണ് സംഘർക്കൾക്ക് തുടക്കമിട്ടത്. കൊടി പിഴുതി മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമായി. ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് പ്രദേശത്തെ നാലു പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താൽ നടത്തി.

പിന്നാലെ രാവിലെ കോൺഗ്രസ്‌ ഓഫീസിന് മുന്നിലെത്തി പൊലീസ് നോക്കിനിൽക്കെ ചില സിപിഐ പ്രവർത്തകർ വെല്ലുവിളി നടത്തി.

പൊലീസ് സ്ഥലത്തുണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റം ഉണ്ടായി. തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ബലമായി പൂട്ടിച്ചു.