play-sharp-fill
തൊടുപുഴ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച സംഭവം; സ്ത്രീ അറസ്റ്റിൽ

തൊടുപുഴ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച സംഭവം; സ്ത്രീ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: നഗരത്തിലെ ബസ്‌ കാത്തിരിപ്പുകേന്ദ്രത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച സംഭവത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്‌ത്രീ അറസ്‌റ്റില്‍.


കൊല്ലപ്പെട്ടയാള്‍ മദ്യം പങ്കുവയ്‌ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണു സ്‌ത്രീ കാലില്‍ വെട്ടിയെന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍. ഉടുമ്പന്നൂര്‍ നടൂപ്പറമ്പില്‍ അബ്‌ദുള്‍ സലാം (52) ആണ്‌ മരിച്ചത്‌. നഗരത്തില്‍ അലഞ്ഞുനടക്കുന്ന വെള്ളിയാമറ്റം പന്നിമറ്റം തെക്കേതില്‍ വീട്ടില്‍ സെലീന(50)യാണ്‌ അറസ്‌റ്റിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്‌ച്ച വൈകിട്ട്‌ ഏഴ്‌ മണിയോടെയാണ്‌ സംഭവം. പിടിച്ചുപറി, മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട അബ്‌ദുള്‍ സലാം പതിവായി തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ വെയിറ്റിങ്‌ ഷെഡിലാണ്‌ കിടന്നുറങ്ങിയിരുന്നത്‌. അതേ സമയം സെലീന കാത്തിരിപ്പുകേന്ദ്രത്തിലെത്തി അബ്‌ദുള്‍ സലാമിന്റെ പക്കലുണ്ടായിരുന്ന മദ്യത്തിന്റെ പങ്ക്‌ ആവശ്യപ്പെട്ടു.

ഇയാള്‍ വിസമ്മതിച്ചതോടെ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെ സെലീന അബ്‌ദുള്‍ സലാമിന്റെ കാല്‍ക്കുഴക്ക്‌ മുകളിലായി വെട്ടി. മാരകമുറിവേറ്റ അബ്‌ദുള്‍ സലാം രക്‌തം ഒഴുകുന്ന കാലുമായി നഗരത്തിലൂടെ നടന്നു. തുടര്‍ന്നു കാത്തിരിപ്പുകേന്ദ്രത്തിലെത്തി കിടന്നു.

അപ്പോഴേക്കും കുറച്ചധികം രക്‌തം വാര്‍ന്ന്‌ പോയിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ പോലീസെത്തി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ചൊവ്വാഴ്‌ച രാവിലെയോടെ മരിച്ചു.

തുടര്‍ന്ന്‌ സെലീനയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തെങ്കിലും താനല്ല അക്രമിച്ചതെന്നായിരുന്നു ഇവരുടെ വാദം. വെട്ടേറ്റ അബ്‌ദുല്‍ സലാം സെലീനയാണ്‌ ആക്രമിച്ചതെന്ന്‌ പലരോടു പറഞ്ഞിരുന്നതായി പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഇതു ചൂണ്ടിക്കാട്ടി ചോദ്യം ചെയ്‌തപ്പോഴാണ്‌ സെലീന കുറ്റം സമ്മതിച്ചത്‌. തുടര്‍ന്ന്‌ വൈകിട്ടോടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി സെലീനയെ സംഭവ സ്‌ഥലത്തെത്തിച്ച്‌ തെളിവെടുത്തു.

ആക്രമണത്തിനുപയോഗിച്ച കത്തി നഗരസഭാ പാര്‍ക്കിന്‌ സമീപത്തെ കംഫര്‍ട്ട്‌ സ്‌റ്റേഷന്‌ സമീപത്തെ പാലത്തില്‍നിന്ന്‌ താഴെ എറിഞ്ഞു കളഞ്ഞതു തെളിവെടുപ്പിനിടെ പോലീസ്‌ കണ്ടെത്തി. കത്തി കളഞ്ഞ ശേഷം ജ്യോതി സൂപ്പര്‍ ബസാറിന്‌ സമീപത്ത്‌ സ്‌ഥിരമായി സെലീന തങ്ങുന്ന കംഫര്‍ട്ട്‌ സ്‌റ്റേഷനിലെത്തി കുളിച്ച്‌ വസ്‌ത്രം മാറിയിരുന്നു. അക്രമ സമയത്ത്‌ ഉപയോഗിച്ച ചോര പുരണ്ട വസ്‌ത്രം ഉള്‍പ്പെടെയുള്ളവ ഇവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പോലീസ്‌ കണ്ടെത്തി.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം അബ്‌ദുള്‍ സലാമിന്റെ ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. അമിതമായ രക്‌തം സ്രാവത്തെ തുടര്‍ന്നാണ്‌ മരണമെന്ന്‌ പ്രാഥമിക നിഗമനമെന്ന്‌ സര്‍ജന്‍ സൂചിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥന്‍ വി.സി. വിഷ്‌ണുകുമാര്‍ പറഞ്ഞു. അറസ്‌റ്റിലായ സെലീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.