അവധി ദിനമായിട്ടും ശബരിമലയിൽ ഭക്തജനത്തിരക്കില്ല: സകല പ്രതീക്ഷകളും തകർന്നടിഞ്ഞ് ദേവസ്വം ബോർഡ്; വരും മാസങ്ങളിൽ ശമ്പളം ലഭിക്കുമെന്ന് ഉറപ്പില്ലാതെ ജീവനക്കാർ അങ്കലാപ്പിൽ
സ്വന്തം ലേഖകൻ
ശബരിമല : അവധി ദിനമായ ഞായറാഴ്ച പോലും ശബരിമലയിൽ ഭക്തജനത്തിരക്കില്ല. മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള എല്ലാ അവധി ദിവസങ്ങളിലും മുൻ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. അപ്പം, അരവണ എന്നിവയുടെ വിൽപ്പനയും കുത്തനെ ഇടിഞ്ഞു. ഈ കുറവ് നടവരവിനെയും കാര്യമായി തന്നെ ബാധിച്ചു. ദേവസ്വം ബോർഡിന്റെ ആയിരത്തിയിരുന്നൂറോളം ക്ഷേത്രങ്ങളിൽ ലാഭകരമായി പോകുന്നത് നൂറോളം ക്ഷേത്രങ്ങൾ മാത്രമാണ്. ബാക്കി ആയിരത്തി ഒരുനൂറ് ക്ഷേത്രങ്ങളിലേയും ദൈനംദിന ആവശ്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി ശബരിമലയിലെ വരുമാനത്തെയാണ് ആശ്രയിക്കുന്നത്. ശബരിമലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നിൽ താഴെയായതും പ്രധാന വരുമാന ശ്രോതസ്സായ അപ്പവും അരവണയും കെട്ടിക്കിടക്കുന്നതും ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കി. തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ കടകളിലെ വ്യാപാരവും കുത്തനെ ഇടിഞ്ഞു. ഇത് വ്യാപാരികളേയും കടുത്ത പ്രതിസന്ധിയിലാക്കി. എരുമേലിയടക്കമുള്ള പല സ്ഥലങ്ങളിലും വ്യാപാരികൾ ദേവസ്വം ബോർഡിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ്.