ഒരുമിച്ച് പോകാനാവില്ലെന്ന് മനസ്സിലായപ്പോൾ വേർപിരിയാൻ തീരുമാനിച്ചു; പ്രിയങ്ക
സ്വന്തം ലേഖകൻ
കൊച്ചി: വിവാഹ മോചനത്തെകുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക നായർ. താൻ വിവാഹമോചിതയാണെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. വളരെ നല്ല രീതിയിൽ പോവാൻ പറ്റില്ലെന്ന് മനസ്സിലായതോടെ ആ ബന്ധത്തിൽ നിന്നും പിൻമാറുകയായിരുന്നു. വളരെ ബഹുമാനത്തോടെയാണ് ഇരുവരും വേർപിരിഞ്ഞതെന്നും വ്യക്തി ജീവിതവും അഭിനയ ജീവിതവും രണ്ടായി കൊണ്ടുപോവാൻ ഇഷ്ടപ്പെടുന്നയാളാണ് താൻ. ആ തീരുമാനത്തിൽ തനിക്ക് കുറ്റബോധമൊന്നുമില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
വെയിൽ എന്ന തമിഴ് സിനിമയിലൂടെ ലോകശ്രദ്ധ നേടിയ പ്രിയങ്ക നായർക്ക് സാമൂഹ്യപ്രസക്തിയുള്ള നിരവധി സിനിമകളുടെ ഭാഗമാവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ അഭിനയവും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭൂമിമലയാളം, വിലാപങ്ങൾക്കപ്പുറം, ജലം തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകൾ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം താരത്തിന് ലഭിച്ചിരുന്നു. നാളുകൾക്ക് ശേഷമുള്ള തിരിച്ചുവരവിലാണ് താരമിപ്പോൾ. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു അവതാരക കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. നൊസ്റ്റാൾജിയ എന്ന് പരിപാടി അവതരിപ്പിച്ചപ്പോൾ ഒരുപാട് ആരാധകരെ തനിക്ക് ലഭിച്ചിരുന്നുവെന്നും താരം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group