ഏഴു വയസുള്ള പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 37 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും
സ്വന്തം ലേഖകൻ
പാലക്കാട്: ഏഴു വയസുള്ള പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം കാണിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് വിവിധ വകുപ്പുകളിലായി 37 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ.
അയിലൂര്‍ തിരിഞ്ഞക്കോട് എസ്.സി. കോളനിയിലെ പ്രസാദ് എന്ന പ്രാവി(28)നെ ആണ് പാലക്കാട് ജില്ല ഫസ്റ്റ് അഡിഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്.
പിഴ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുത്തിവയ്പ്പ് എടുക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്ന് പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനോട് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ കൂട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് കൊടുത്ത് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ബോബിന് മാത്യു ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി. സുബ്രഹ്മണ്യന് ഹാജരായി. ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ശിവദാസ്, ജയപ്രകാശ് എന്നിവര്‍ പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്തു.