ചരക്ക് കപ്പലില്‍ മലയാളിയായ യുവാവിനെ കാണാതായി: യുവാവിന്റെ തിരോധാനത്തില്‍ കപ്പല്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചരക്ക് കപ്പലില്‍ മലയാളിയായ യുവാവിനെ കാണാതായി. തിരുവനന്തപുരം ആറ്റിങ്ങല്‍ മാമം സ്വദേശി അര്‍ജുന്‍ രവീന്ദ്രനെയാണ് കാണാതായത്.
യുവാവിന്റെ തിരോധാനത്തില്‍ കപ്പല്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.
കപ്പല്‍ അധികൃതരുമായി യുവാവിന് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. തിരോധാനത്തെ കുറിച്ച് കപ്പല്‍ അധികൃതര്‍ കൃത്യമായി മറുപടി നല്‍കുന്നില്ല എന്നും കുടുംബം പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിനും ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയിലും കുടുംബം പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് 17നാണ് മുംബൈയില്‍നിന്ന് അര്‍ജുന്‍ ഇസ്താംബുളിലേക്ക് പോകുന്നത്. എഫിഷ്യന്റ് ഓ. എല്‍ കാര്‍ഗോ ഷിപ്പില്‍ ആണ് ഇസ്താംബുളില്‍ നിന്ന് ടുണീഷ്യയിലേക്ക് യാത്ര തിരിച്ചത്. സിനാഫ്റ്റ എന്ന ഏജന്‍സി വഴിയാണ് അര്‍ജുന്‍ ഷിപ്പില്‍ ജോയിന്‍ ചെയ്യുന്നത്.
കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ഇന്ത്യക്കാര്‍ ആയിരുന്നു. ഇതില്‍ ആന്ധ്ര സ്വദേശിയായ സൂപ്പര്‍വൈസറില്‍ നിന്ന് മാനസികമായും ശാരീരികമായും പീഡനം എല്‍ക്കുന്നുണ്ട് എന്ന് അര്‍ജുന്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
ഏപ്രില്‍ ഇരുപതാം തീയതിയാണ് അര്‍ജുന്‍ അവസാനമായി വീട്ടിലേക്കു വിളിക്കുന്നത്. കപ്പല്‍ പോര്‍ട്ടില്‍ അടുത്തുവെന്നും ഇനി ഫോണ്‍ വിളിക്കാന്‍ കഴിയില്ലയെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 27 ആം തീയതി സിനാഫ്റ്റാ കമ്ബനിയുടെ ഏജന്റ് വീട്ടിലേക്ക് വിളിക്കുകയും അര്‍ജുന്‍ മിസ്സിങ് ആണെന്ന വിവരം അറിയിക്കുകയും ചെയ്തു.
കപ്പല്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അര്‍ജുന്‍ രക്ഷപ്പെട്ടു എന്ന രീതിയിലാണ് സംസാരിച്ചതെന്നും കുടുംബം പറയുന്നു.