
സ്വന്തം ലേഖകൻ
കട്ടപ്പന: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ പക. സ്ഥാപനത്തിലെ മാനേജരുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചതായി പരാതി.
വെള്ളയാംകുടി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ഇരുചക്ര വാഹന ഷോറൂമിന്റെ മാനേജർ ഇരട്ടയാർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു മുൻ ജീവനക്കാരനായ രഞ്ചു കടിച്ചുമുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുൻ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു 3 പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. രഞ്ചുവിനെ നേരത്തേ സ്ഥാപനത്തിലെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഷോറൂമിനു മുന്നിലാണു സംഭവം. രഞ്ചുവും മറ്റു 3 പേരും കാറിൽ എത്തിയപ്പോൾ ടോമി ഷോറൂമിന്റെ പുറത്തു നിൽക്കുകയായിരുന്നു. രഞ്ചു ബലമായി പിടിച്ചുവലിച്ചതോടെ ടോമി എതിർത്തു.
രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. അതിനിടെ ആക്രമിക്കുകയും കൈവിരൽ കടിച്ചുമുറിക്കുകയുമായിരുന്നു. നാലംഗ സംഘം കടന്നുകളഞ്ഞു.