
സ്വന്തം ലേഖിക
തിരുവനന്തപുരം: കഞ്ചാവ് കാറിലൊളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായവർ സ്ഥിരം കടത്തുകാരെന്ന് പൊലീസ്. നിരവധിതവണ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായും പിടിക്കപ്പെട്ടത് ആദ്യമായിട്ടാണെന്നും പൊലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാത്രിയിൽ കാറിൽ കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവിനൊപ്പം പിടികൂടിയ ബീമാപള്ളി സ്വദേശികളായ സജീർ (22), ഫഹദ് (28) എന്നി വരെ ചോദ്യം ചെയ്തപ്പാേഴാണ് കൂടുതൽ കാര്യങ്ങൾ വെളിവായത്.
ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് മാരുതി സ്വിഫ്റ്റ് കാറിൽ തമിഴ്നാട് വഴി ബീമാപ്പള്ളിയിലേക്ക് കൊണ്ടുവന്ന 54 കിലോ കഞ്ചാവാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാറുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനക്ക് ശേഷം വിഴിഞ്ഞം എസ്.ഐ.വിനോദ് മേൽനടപടി സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടര കിലോ വീതമുള്ള പായ്ക്കറ്റുകളിലായി കൊണ്ടുവന്ന കഞ്ചാവ് സ്വന്തമായിട്ടാണ് വിറ്റഴിക്കുന്നതെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും പൊലീസ് അത് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇവർ ക്യാരിയർമാരാണെന്നും പിന്നിൽ വൻ സംഘങ്ങൾ ഉണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. അതിനായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സി ഐ പ്രജീഷ് ശശി അറിയിച്ചു. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.