play-sharp-fill
രഞ്ജിട്രോഫി ആവേശകരമായ അന്ത്യത്തിലേയ്ക്ക്: വിജയത്തിലേയ്ക്ക് പൊരുതി മധ്യപ്രദേശ്; തോൽവി ഒഴിവാക്കാൻ കേരളം

രഞ്ജിട്രോഫി ആവേശകരമായ അന്ത്യത്തിലേയ്ക്ക്: വിജയത്തിലേയ്ക്ക് പൊരുതി മധ്യപ്രദേശ്; തോൽവി ഒഴിവാക്കാൻ കേരളം

സ്‌പോട്‌സ് ഡെസ്‌ക്
തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ അവസാന ദിവസം 30 ഓവർ ബാക്കി നിൽക്കെ തോൽവി ഒഴിവാക്കാൻ കേരളം
പൊരുന്നു. അവസാന ദിവസത്തെ അവസാന സെഷനിലെ മുപ്പത് ഓവര് ബാക്കി നിൽക്കെ മധ്യപ്രദേശിന് വിജയിക്കാൻ ആറു വിക്കറ്റ് കയ്യിലിരിക്കെ 64 റൺ കൂടി വേണം. വിക്കറ്റ് വീഴ്ത്താൻ കേരളവും വിജയിക്കാൻ മധ്യപ്രദേശും തുമ്പയിലെ മൈതാനത്ത് ഏറ്റുമുട്ടുകയാണ്.
മൂന്നാം ദിവസം കളി നിർത്തിയ കേരളത്തിന് 102 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റണ്ണുണ്ടായിരുന്നു. സെഞ്ച്വറി നേടിയ വിഷ്ണു വിനോദും, ബേസിൽ തമ്പിയുമായിരുന്നു മൂന്നാം ദിവസം അവസാനം വരെ കാവൽ നിന്നത്. ശനിയാഴ്ച കളി തുടങ്ങിയ ശേഷം പൊരുതി നിന്ന കേരളം 455 ലാണ് കീഴടങ്ങിയത്. എല്ലാ ബാറ്റ്‌സ്മാൻമാരും പുറത്തായെങ്കിലും 193 റണ്ണുമായി വിഷ്ണു ഒരറ്റത്ത് പൊരുതാൻ തയ്യാറായി തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പമുള്ളവരുടെ പിൻതുണ നഷ്ടമായതോടെ വിഷ്ണുവിന് അർഹിക്കുന്ന ഇരട്ടസെഞ്ച്വറിയും ലഭിച്ചില്ല. 282 പന്തിൽ 23 ഫോറും ഒരു സിക്‌സും പറത്തിയാണ് വിഷ്ണു കേരളത്തിനു വേണ്ടി കളത്തിൽ പോരാടിയത്. 107 പന്തിൽ 57 പന്തെടുത്ത ബേസിൽ തമ്പി ആദ്യാവസാനം വിഷ്ണുവിന് മികച്ച പിൻതുണ നൽകി. 451 ൽ ബേസിൽ പുറത്തായതിനു പിന്നാലെ വിഷ്ണു ഒരു ഫോർ പറത്തി അതി വേഗം ഇരട്ടസെഞ്ച്വറിയിൽ എത്താൻ ശ്രമിച്ചു. എന്നാൽ, പിന്നാലെ സ്‌ട്രൈക്ക് ലഭിച്ചെത്തിയ സന്ദീപ് വാര്യർ ഒരു പന്ത് മാത്രം നേരിട്ട് ക്യാച്ച് നൽകി മടങ്ങിയതോടെ രണ്ടാം ഇന്നിംഗ്‌സിലെ കേരളത്തിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. കെ.ആർ സെൻ മധ്യപ്രദേശിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തി. അവേഷ് ഖാൻ രണ്ടും, എംഎൻ ഹീരവാണിയും, എസ്.എസ് ജെയിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എ.വി ബിർളയും എം.ഡി മിശ്രയും ചേർന്ന് 34 റൺ വരെ എത്തെിച്ചെങ്കിലും 42 റണ്ണിൽ രണ്ടാം വിക്കറ്റും നഷ്ടമായി. 108 ന് മൂന്നും, 114 ൽ നാലാം വിക്കറ്റും നഷ്ടമായെങ്കിലും 63 റണ്ണെടുത്ത ആർ.എസ് പട്ടീധാറും, ആറ് റണ്ണെടുത്ത എസ്.എസ് ശർമ്മയും ചേർന്ന് മധ്യപ്രദേശിനെ വിജയ വഴിയിൽ തിരികെ എത്തിച്ചിരിക്കുകയാണ്. അര മണിക്കൂർ മാത്രം കളി ശേഷിയെ കേരളത്തിന് അത്ഭുതം കാട്ടാൻ സാധിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.