ശബരിമല ദർശനത്തിനെത്തിയ 2 യുവതികളെ പമ്പയിൽ തടഞ്ഞു; സംഘർഷാവസ്ഥയെ തുടർന്ന് യുവതികളെ പമ്പാ സ്റ്റേഷനിലേക്ക് മാറ്റി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ 2 യുവതികളെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി. ഉച്ചയോടെയാണ് ഇവരെ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പാതയിൽ കണ്ടെത്തിയത്. കാഴ്ചയിൽ ഇരുവർക്കും 50 വയസിന് താഴെ മാത്രമാണ് പ്രായം. ആന്ധ്രപ്രദേശ് സ്വദേശിനികളാണെന്നും സംശയിക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. പോലീസിന്റെ സമ്മതത്തോടെയാണ് ഇരുവരും ശബരിമലയിലേക്ക് പോയതെന്നാണ് വ്യക്തമാകുന്നത്. ഇവർ പോലീസിന്റെ അടുത്തെത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംരക്ഷണം നൽകാൻ പോലീസ് തയാറായില്ല. യുവതികൾ സ്വന്തം ഇഷ്ടപ്രകാരം പിന്നീട് മലചവിട്ടുകയായിരുന്നു. യുവതികൾ മലകയറുന്നത് കണ്ടതോടെ സന്നിധാനത്തേക്കുള്ള വഴിയിലുണ്ടായിരുന്ന തീർഥാടകരിൽ ചിലർ ഇവരെ തടഞ്ഞു. പിന്നീട് യുവതികൾക്കൊപ്പം ഉണ്ടായിരുന്ന ഒരു വനിതാ പോലീസുകാരിയും മറ്റ് പോലീസുകാരും ചേർന്ന് ഇവരെ പമ്പാ സ്റ്റേഷനിലേക്ക് മാറ്റി.