
സ്വന്തം ലേഖകൻ
തൃക്കാക്കര: സിനിമാ, സീരിയല്‍ അണിയറപ്രവര്‍ത്തകരുടെ മുറിയില്‍നിന്ന് കഞ്ചാവ് പിടികൂടിയശേഷം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കാക്കനാട് അത്താണി എളവക്കാട്ട് നഗറില്‍ സ്വകാര്യ പ്രൊഡക്ഷന്‍ കമ്ബനിയുടെ ജീവനക്കാരുടെ മുറിയില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
മഫ്തിയില്‍ പരിശോധനയ്ക്കെത്തിയ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ കഞ്ചാവ് കണ്ടെത്തിയശേഷം യുവാക്കളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തു. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 10000രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം കഞ്ചാവ് ഒളിപ്പിച്ചുവച്ചശേഷം കണ്ടെത്തുകയായിരുന്നുവെന്നും പണം ഇല്ലെന്നുപറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് വരാമെന്ന് പറഞ്ഞ് ഒരാളുടെ ഫോണ്‍ തിരികെനല്കുകയായിരുന്നുവെന്നും യുവാക്കള്‍ പറയുന്നു.
സംഭവമറിഞ്ഞ് തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ പി.സി. മനൂപ് സ്പെഷ്യല്‍ബ്രാഞ്ച് അസി.കമ്മീഷണറെ അറിയിച്ചു. മൂന്നോടെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെയെത്തി. ഇവരെ മനൂപ് അടക്കമുള്ളവര്‍ തടഞ്ഞുവച്ചു. തൃക്കാക്കര അസി.കമ്മീഷണര്‍ പി.വി. ബേബിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രൊഡക്ഷന്‍ കമ്ബനിയുടെ ജീവനക്കാരുടെ മുറികളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍ തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. സംഭവത്തില്‍ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.