പിണറായിയുടെ അനുമതിയോടെ മന്ത്രിയും ചെയര്‍മാനും; പാര്‍ട്ടിയുടെ അനുമതിയോടെ ഓഫീസേഴ്‌സ് അസോസിയേഷനും; ഇരുകൂട്ടരും പോരടിച്ച് മുന്നേറുമ്പോൾ നിര്‍ണായകമാകുക കോടതിയുടെ ഇടപെടല്‍; കെഎസ്‌ഇബിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങള്‍ ഗുണം ചെയ്യുമോ?
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭരണപക്ഷത്തെ തൊഴിലാളി യൂണിയന്റെ പിന്തുണയുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്യത്തിലായിരുന്നു കെഎസ്‌ഇബിയിലെ ഓഫീസേഴ്‌സ് അസോസിയേഷന്‍.
സന്നദ്ധ സംഘടനയായാണ് പ്രവര്‍ത്തന അനുമതിയെങ്കിലും ദിവസവും പതിനായിരം രൂപയില്‍ അധികം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനം ട്രേയ്ഡ് യൂണിയനുകളെയും വെല്ലുവിളിക്കുന്ന വിധത്തിലായിരുന്നു. നഷ്ടത്തിലായ വൈദ്യുതി ബോര്‍ഡിനെ മുന്നോട്ടു നയിക്കാന്‍ ചെയര്‍മാന്‍ ബി അശോകിന് മുന്നില്‍ തടസ്സമായിരുന്നതും ഈ സംഘടനയിലെ തലപ്പത്തുള്ളവരുടെ താന്‍പോരിമയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂപ്പര്‍മന്ത്രി ചമയാന്‍ അനുകൂല ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ ശ്രമിച്ചപ്പോള്‍ അത് വകവെച്ചു കൊടുക്കാന്‍ അശോക് തയ്യാറായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പച്ചക്കൊടി കാണിച്ചതോടെ അദ്ദേഹം പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടു പോകുമെന്ന തീരുമാനത്തല്‍ ഉറച്ചു നിന്നു. മറുവശത്ത് പാര്‍ട്ടിയുടെ അനുമതിയോടെ അസോസിയേഷന്‍ സമരവുമായി മുന്നോട്ടു പോകുകയും ചെയ്തു.
ഇരു കൂട്ടരും ഇപ്പോഴും പോരടിച്ചു മുന്നോട്ടു പോകുകയാണ്. തര്‍ക്കം തീര്‍ക്കാന്‍ ഇന്ന് ഓഫീസര്‍മാരുടെ സംഘടനകളുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തും. ഇതിനു മുന്നോടിയായി അദ്ദേഹം ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബോര്‍ഡിന്റെ നിരോധന ഉത്തരവു ലംഘിച്ചു കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ വൈദ്യുതി ഭവന്‍ വളഞ്ഞു. സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.
അതേസമയം, കഴിഞ്ഞ 5നു നടന്ന സമരത്തിന്റെ ഭാഗമായി ബോര്‍ഡ് റൂമിലേക്കു തള്ളിക്കയറിയ 18 പേര്‍ക്കു കുറ്റപത്രം നല്‍കി ശിക്ഷാനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബോര്‍ഡ്. മറുപടിയെന്ന നിലയില്‍ വരുംദിവസങ്ങളിലെ സമര പരിപാടികള്‍ അസോസിയേഷനും പ്രഖ്യാപിച്ചു. 2 മേഖലാ ജാഥകളും അവ തിരുവനന്തപുരത്തു സമാപിക്കുമ്പോള്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരവും നിരാഹാര സത്യഗ്രഹവുമാണു പ്രഖ്യാപിച്ചത്.
സിപിഎം നേതൃത്വവുമായുള്ള ആശയവിനിമയത്തിനു ശേഷമാണ് മന്ത്രി ഇന്നു ചര്‍ച്ച നടത്തുന്നത്. നേതാക്കളുടെ അനുമതി വാങ്ങിയ ശേഷമാണ് സംഘടനയും സമരത്തിന് ഇറങ്ങിയത്. സമരവുമായി ബന്ധപ്പെട്ട 2 ഹര്‍ജികള്‍ ഹൈക്കോടതി 22നും 26നും പരിഗണിക്കാന്‍ മാറ്റി. കോടതിയുടെ ഇടപെടലാകും ഈ സംഭവത്തില്‍ ഇനി നിര്‍ണായകമാകുക.