
സ്വന്തം ലേഖകൻ
കോതനല്ലൂര്‍: മരണവീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പരാതിയില്ലെന്ന് ബന്ധുക്കളുടെ നിലപാടിനെ തുടർന്ന് തുടരന്വേഷണം ഉപേക്ഷിച്ച് പൊലീസ്.
31, 000 രൂപയാണ് മരണവീട്ടില്‍നിന്നും നഷ്ടപ്പെട്ടത്. ബന്ധുവാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് മരണവീട്ടില്‍ കടന്നുകയറി പ്രതി പണം കവര്‍ന്നത്.
കോതനല്ലൂരില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത്. പ്ലാക്കുഴിയില്‍ ബേബിയുടെ വീട്ടില്‍നിന്നാണ് പണം മോഷണം പോയത്. ബേബിയുടെ അമ്മ മേരിയുടെ സംസ്കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി വീട്ടിലെത്തുമ്ബോള്‍ മറ്റു ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല. അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. വീടിനു മുന്നില്‍ നിരത്തിയിട്ടിരുന്ന കസേരയില്‍ അല്പനേരം ഇയാള്‍ ഇരുന്നതായി പറയുന്നു.
തുടര്‍ന്ന് അടുത്ത ബന്ധുവിനെപ്പോലെ മൈക്കുസെറ്റുകാരനെ സഹായിക്കുകയും മറ്റു കാര്യങ്ങളില്‍ നിര്‍ദേശം നല്‍കുകയും ചെയ്തശേഷം വീടിനകത്തേക്കു കയറുകയും മുറിയില്‍ തെരച്ചിൽ നടത്തുകയുമായിരുന്നു.
വീട്ടില്‍ പണം വച്ചിരുന്ന രണ്ട് ബാഗുകളില്‍നിന്നായി 31,000 രൂപ കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ ഇയാള്‍ പുറത്തേക്ക് ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറിപ്പോവുകയായിരുന്നു.
ബന്ധുക്കളില്‍ ചിലര്‍ സംസ്കാരചടങ്ങ് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ഓട്ടോറിക്ഷയിലാണ് പ്രതി വീട്ടിലെത്തിയത്.
സംഭവത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ പരാതിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.